ട്രെയിനിൽ യുവതികളുടെ ഫോൺ മോഷണം: അസം സ്വദേശി പിടിയിൽ

തിരുവനന്തപുരം∙ അമൃത എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന യുവതികളുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്ത പ്രതിയെ റെയിൽവേ പൊലീസ് പിടികൂടി. അസം നാഗോൺ സമഗുരി സ്വദേശി ഇരുപത്തിയൊൻപതുകാരനായ അസറുൾ ഇസ്ലാം ആണ് പിടിയിലായത്. മോഷണം നടന്ന് തൊട്ടടുത്ത ദിവസം തന്നെ ആലുവയിൽ വെച്ചാണ് ഇയാളെ അന്വേഷണ സംഘം വലയിലാക്കിയത്.
ഈ മാസം 29-ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം നടന്നത്. ട്രെയിനിന്റെ അവസാനത്തെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന വണ്ണപ്പുറം സ്വദേശി ചിന്നു, ആലുവ സ്വദേശി ജിഷ എന്നിവരുടെ ഫോണുകളാണ് മോഷണം പോയത്. ചാർജിംഗിനായി വെച്ചിരുന്ന മുപ്പതിനായിരം രൂപ വിലമതിക്കുന്ന നത്തിങ് ഫോണും പതിനെണ്ണായിരം രൂപയുടെ സാംസങ് ഫോണുമാണ് പ്രതി തട്ടിയെടുത്തത്. ട്രെയിനിന്റെ വേഗത കുറഞ്ഞ തക്കം നോക്കി കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതി ചാടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഫോൺ മോഷണം പോയതറിഞ്ഞ ജിഷയെ ചിന്നു ഉണർത്താൻ ശ്രമിക്കുന്നതിനിടെയാണ് അസറുൾ ഇസ്ലാം ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി കടന്നുകളഞ്ഞത്.
റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ബാലു ബി. നായർ, എ.എസ്.ഐ വിജയകുമാർ, ഹെഡ് കോൺസ്റ്റബിൾ ജോസ്, സി.പി.ഒമാരായ സരിൻ, വിനീഷ്, കോൺസ്റ്റബിൾ മനോജ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണത്തിന് നേതൃത്വം നൽകുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.




