ഇറാൻ-യുഎസ് തർക്കം: പിന്മാറ്റം ഉറപ്പാക്കിയാൽ രണ്ട് ദിവസത്തിനുള്ളിൽ പരിഹാരമെന്ന് ഇറാൻ

ദുബായ്: ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ള വ്യവസ്ഥകൾക്ക് അമേരിക്ക അംഗീകാരം നൽകുകയാണെങ്കിൽ, വെറും രണ്ടു ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന് ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ഖത്തർ മധ്യസ്ഥരെ അറിയിച്ചു. ഉപരോധങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുക, പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈന്യത്തെ പിൻവലിക്കുക, വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ സ്വത്തുക്കൾ തിരികെ നൽകുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. മേഖലയിലെ സംഘർഷങ്ങൾ ഏഴു ദിവസത്തിനുള്ളിൽ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമാധാന ചർച്ചകളാണ് നടന്നുവരുന്നത്. ഈ കാലാവധി അഞ്ചു ദിവസമായി ചുരുക്കണമെന്ന് ഖത്തർ നിർദ്ദേശിച്ച സാഹചര്യത്തിലാണ്, അമേരിക്ക അനുകൂല നിലപാട് സ്വീകരിച്ചാൽ രണ്ടു ദിവസം കൊണ്ട് ഹോർമുസ് തുറക്കാമെന്ന് അറഗ്ചി വ്യക്തമാക്കിയത്.
അതേസമയം, ആകാശ എയർ ജിദ്ദയിലേക്കും റിയാദിലേക്കും നടത്തിയിരുന്ന വിമാന സർവീസുകൾ റദ്ദാക്കിയ നടപടി നീട്ടിയിട്ടുണ്ട്. ജിദ്ദയിലേക്കുള്ള വിമാനങ്ങൾ ഈ മാസം 18 വരെയും, റിയാദിലേക്കുള്ളവ 30 വരെയും സർവീസ് നടത്തില്ല. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ കൂടുതൽ വിവരങ്ങൾക്കായി ആകാശ എയറുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സൗദി അറേബ്യയിലെ വിദ്യാലയങ്ങളിൽ ഓൺലൈൻ മുഖേനയുള്ള പഠനം ഈ മാസം അഞ്ചാം തീയതി വരെ തുടരാനും തീരുമാനമായിട്ടുണ്ട്.




