NEWS
ലൊസാഞ്ചലസ്‘പിടിച്ചെടുക്കാൻ’ മലയാളി, കേരളത്തിന്റെ സ്നേഹം നെഞ്ചിലേറ്റിയ നിത്യയ്ക്ക് ചെന്നൈയിലുമുണ്ട് ‘സുതാര്യ’ കൈകൾ, അഭിമാനം വാനോളം

അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരം, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഗരങ്ങളിലൊന്ന്, മാലാഖമാരുടെ നഗരം… അങ്ങനെ ലൊസാഞ്ചലസിന് വിശേഷണങ്ങളേറെയാണ്. ഇടക്കാല തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കേ അമേരിക്കയ്ക്കു പുറത്തു ചർച്ച ചെയ്യപ്പെടുന്ന പേരാണ് നിത്യ വി. രാമൻ. മലയാളി വേരുകളുള്ള ഇന്ത്യൻ വംശജ അമേരിക്കൻ രാഷ്ട്രീയത്തിൽ, ഉയർന്ന പദവിയിലേക്ക് മത്സരിക്കുന്നതിന്റെ അഭിമാനത്തിലാണ് കേരളവും ഇന്ത്യയും. ആരാണ് നിത്യ രാമന്? അവരുടെ എതിരാളിയാര്? കേരളവുമായുള്ള ബന്ധമെങ്ങനെ? അറിയാം…ആരാണ് നിത്യ രാമന്? ലൊസാഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടി സ്ഥാനാര്‍ഥിയാണ് 45 വയസ്സുകാരിയായ നിത്യ രാമൻ. ആറു വർഷത്തോളമായി ഡിസ്ട്രിക്ട് 4നെ പ്രതിനിധീകരിക്കുന്ന ലൊസാഞ്ചലസ് സിറ്റി കൗണ്‍സിൽ അംഗമാണ്. സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വനിതയും ആദ്യത്തെ ദക്ഷിണേഷ്യൻ വംശജയുമാണ് നിത്യ രാമൻ. ചുമതലയേറ്റതു മുതൽ ഭവനരഹിതർക്കു സേവനങ്ങൾ എത്തിക്കുന്നതിനും, വീടുകൾ നിർമിച്ചു നൽകുന്നതിലും നിത്യ നടത്തിയ പ്രവർത്തനങ്ങൾ സ്വാഗതാർഹമാണ്. നഗരത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൂടുതൽ വേഗത്തിൽ കൈവരിക്കുന്നതിനും അവർ മുൻഗണന നൽകുന്നുണ്ട്. സിവിൽ റൈറ്റ്സ്, ഇമ്മിഗ്രേഷൻ, സോഷ്യൽ സർവീസസ് ആൻഡ് നെയ്ബർഹുഡ്സ് കമ്മിറ്റിയുടെ ചെയർപേഴ്സണായും, പ്ലാനിങ് ആൻഡ് ലാൻഡ് യൂസ് മാനേജ്മെന്റ് (പ്ലം) കമ്മിറ്റിയുടെ വൈസ് ചെയർപഴ്സനായും സേവനം അനുഷ്ഠിക്കുന്നു. ഹോംലെസ്നസ് ആൻഡ് ഹെൽത്ത് കമ്മിറ്റി, പബ്ലിക് സേഫ്റ്റി കമ്മിറ്റി, ചാർട്ടർ റിവ്യൂവിനായുള്ള അഡ്ഹോക് കമ്മിറ്റി എന്നിവയിലും അംഗമാണ്.ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് ലൊസാഞ്ചലസിലേക്ക് താമസം മാറ്റുന്നതിനു മുന്നോടിയായി നിത്യ ഇന്ത്യയിലെത്തിയിരുന്നു. 2010ൽ ചെന്നൈയിലെ പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നപരിഹാരത്തിനും ശുചിത്വ മാലിന്യ സംസ്കരണ പ്രശ്നങ്ങൾ പഠിക്കുന്നതിനുമായി ‘ട്രാന്‍സ്പാരന്റ് ചെന്നൈ’ (ടിസി) എന്ന സ്ഥാപനം ആരംഭിച്ചു. പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയിൽ നഗരാസൂത്രണവും സേവനങ്ങളും മെച്ചപ്പെടുത്താൻ പൗരന്മാരെയും സർക്കാർ ഉദ്യോഗസ്ഥരെയും പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നിത്യ രാമൻ ടിസി ആരംഭിക്കുന്നത്. മാപ്പിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ട്രാൻസ്പരന്റ് ചെന്നൈ, നഗരത്തിന്റെ മാറ്റങ്ങൾക്കായി വാദിക്കുന്നത്.
Fashion ⏭️




