NEWS

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അദ്ധ്യാപകൻ അറസ്റ്റിൽ

കൈ ഒടിഞ്ഞ വിദ്യാർത്ഥിനി

മലപ്പുറം: കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. വടകര സ്വദേശി ബൽരാജിനെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. കല്ലിങ്ങൽ എംഎസ്‌എംഎച്ച്‌എസിലെ അദ്ധ്യാപകനാണ് ഇയാൾ. ജുവനൈൽ ആക്‌ട് പ്രകാരം ബൽരാജിനെതിരെ നേരത്തേ കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഇന്നുതന്നെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ബൽരാജ് കുട്ടിയെ തല്ലിയത്. ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ട് എഴുതുമ്പോൾ പിന്നിലൂടെ വന്ന അദ്ധ്യാപകൻ ചൂരലുകൊണ്ട് അടിക്കുകയായിരുന്നു. ശേഷം അടിയേറ്റ കൈകൊണ്ടുതന്നെ ബോർഡിൽ എഴുതിപ്പിച്ചു. കൈയ്‌ക്ക് വേദനയുണ്ടെന്ന് പറഞ്ഞെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാനോ വീട്ടുകാരെ വിവരമറിയിക്കാനോ അദ്ധ്യാപകൻ തയ്യാറായില്ല. പിന്നീട് സംഭവം വലിയ പ്രശ്‌നമായെന്ന് മനസിലായതോടെ അദ്ധ്യാപകൻ കുട്ടിയെ വീട്ടിലെത്തിച്ചു. തുടർന്ന് വീട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പനി ബാധിച്ച് ദിവസങ്ങളോളം കുട്ടിക്ക് സ്‌കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. തിരികെ എത്തിയ ദിവസം തന്നെ മർദനമേറ്റു.സംഭവത്തിൽ ബാലാവകാശ കമ്മീഷനും കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
RELATED TOPICS: MALAPPURAM TEACHER ARREST, STUDENT ASSAULT CASE, MALAPPURAM SCHOOL NEWS, TEACHER ASSAULT KERALA, MALAPPURAM SCHOOL INCIDENT

Read News ⏭️

Back to top button