എംഡിഎംഎ തൊണ്ടിമുതൽ മോഷ്ടിച്ച എസ്ഐ അറസ്റ്റിൽ: 87 ഗ്രാമിന് പകരം തിരികെ നൽകിയത് 202 ഗ്രാം

കൊച്ചി സെൻട്രൽ സ്റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി മോഷ്ടിച്ച കേസിൽ എസ്ഐ അറസ്റ്റിലായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ അനസ് എസ്. തൗഫീഖിനെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തെത്തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
ലോക്കറിൽ നിന്ന് സീൽ ചെയ്ത കവറിൽ സൂക്ഷിച്ചിരുന്ന രാസലഹരിയാണ് എസ്ഐ കൈക്കലാക്കിയത്. എന്നാൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ, കവർ പൊട്ടിച്ച നിലയിൽ 202 ഗ്രാം ലഹരിമരുന്ന് ഇയാൾ തിരികെ ഏൽപ്പിച്ചു. യഥാർത്ഥ അളവിനേക്കാൾ രണ്ടര മടങ്ങ് അധികം ലഹരിയാണ് ഇയാൾ തിരിച്ചുകൊണ്ടു വന്നത്. ഇത്രയും വലിയ അളവിൽ ലഹരി എവിടെ നിന്ന് ലഭിച്ചു എന്നതിലോ, ഇത് എന്തിനാണ് പുറത്തേക്ക് കൊണ്ടുപോയത് എന്നതിലോ വ്യക്തതയില്ല. എസ്എച്ച്ഒയ്ക്ക് നൽകിയ വിശദീകരണത്തിൽ ഇയാൾ വ്യാജമായ കാര്യങ്ങളാണ് ബോധിപ്പിച്ചതെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന ബോധവൽക്കരണ പരിപാടികളിൽ സജീവമായി പങ്കെടുത്ത ഉദ്യോഗസ്ഥനാണ് അനസ്. മുൻപും ഇത്തരത്തിൽ ലഹരിക്കേസുകളിലെ വിവരങ്ങൾ ചോർത്തി നൽകിയിട്ടുണ്ടോ എന്നും, മറ്റാരെയെങ്കിലും മനഃപൂർവ്വം കേസിൽ കുടുക്കാൻ ലക്ഷ്യമിട്ടാണോ മോഷണം നടത്തിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ട്രാഫിക് വെസ്റ്റ് എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല. പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. കോടതി നടപടികൾ പൂർത്തിയാക്കി നശിപ്പിക്കാനായി സൂക്ഷിച്ചിരുന്ന രാസലഹരിയാണ് എസ്ഐ ലോക്കറിൽ നിന്ന് മോഷ്ടിച്ചത്.



