തൊണ്ടിമുതലായ എംഡിഎംഎ അപഹരിച്ച എസ്ഐ അറസ്റ്റിൽ: 87 ഗ്രാമിന് പകരം തിരികെ നൽകിയത് 202 ഗ്രാം

കൊച്ചി സെൻട്രൽ സ്റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി മോഷ്ടിച്ച കേസിൽ എസ്ഐ അറസ്റ്റിലായി. കാട്ടാക്കട സ്വദേശിയായ അനസ് എസ്. തൗഫീഖാണ് പിടിയിലായത്. സീൽ ചെയ്ത കവറിലുണ്ടായിരുന്ന ലഹരിവസ്തുക്കൾ കടത്തിയ ശേഷം, പിടിക്കപ്പെടുമെന്നായപ്പോൾ അതെടുത്ത് തിരികെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ, തിരികെ നൽകിയപ്പോൾ അതിൽ 202 ഗ്രാം ലഹരി ഉണ്ടായിരുന്നു എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. സീൽ പൊട്ടിച്ച നിലയിലായിരുന്നു ഈ ലഹരിപ്പൊതി.
ലഹരിമരുന്ന് പുറത്തേക്ക് കൊണ്ടുപോയതിന്റെ ഉദ്ദേശ്യമെന്തെന്നോ, എങ്ങനെയാണ് അളവ് ഇത്രയധികം വർധിച്ചതെന്നോ വ്യക്തമല്ല. എസ്എച്ച്ഒയ്ക്ക് നൽകിയ മറുപടിയിൽ കള്ളങ്ങൾ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി പ്രതിയെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകളിൽ സജീവമായിരുന്ന ഉദ്യോഗസ്ഥനാണ് അനസ്.
നേരത്തെ ഇത്തരം കേസുകളിൽ വിവരങ്ങൾ ചോർത്തി നൽകിയിട്ടുണ്ടോയെന്നും, മറ്റാരെയെങ്കിലും മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിച്ചതാണോയെന്നും പോലീസ് പരിശോധിക്കും. ട്രാഫിക് വെസ്റ്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പത്തു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. കോടതി നടപടികൾ പൂർത്തിയാക്കി നശിപ്പിക്കാൻ വച്ചിരുന്ന ലഹരിവസ്തുക്കളാണ് ലോക്കർ റൂമിൽ നിന്ന് ഇദ്ദേഹം കൈക്കലാക്കിയത്.



