പി.എസ്.സി ക്രമക്കേട്: ചെയർമാനെതിരെ തെളിവ്, അറസ്റ്റിലേക്ക് നീങ്ങുന്നു

പി.എസ്.സി സെക്രട്ടറിക്കും നോട്ടീസ് നൽകി
ചോദ്യം ചെയ്യലിന് 12 അംഗങ്ങളെക്കൂടി വിളിപ്പിച്ചു
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിലും നിയമന നടപടികളിലും നടന്ന ക്രമക്കേടുകളിൽ പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിന് നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം (SIT) കടക്കുന്നു. തുടർച്ചയായി രണ്ടാം ദിവസവും നടത്തിയ ചോദ്യം ചെയ്യലിൽ ചെയർമാന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി വ്യക്തമായി. സാങ്കേതിക തകരാറുകളാണ് പ്രശ്നങ്ങൾക്കടിസ്ഥാനമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും, കൃത്യമായ രേഖകൾ നിരത്തി അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ അത് തന്റെ അധികാരപരിധിയിലുള്ള കാര്യമാണെന്നായിരുന്നു ചെയർമാന്റെ മറുപടി. എങ്കിൽപ്പിന്നെ, ആ വീഴ്ചകളുടെ പൂർണ്ണ ഉത്തരവാദിത്തവും ചെയർമാനാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം നിശബ്ദനായി. ഉത്തരക്കടലാസുകളിലെ എല്ലാ ചോദ്യങ്ങളും മൂല്യനിർണയത്തിന് വിധേയമാക്കാതിരുന്നത് സാങ്കേതിക പിഴവാണെന്ന് ബോധ്യപ്പെട്ടെങ്കിൽ, പിന്നീട് അത് തിരുത്താൻ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ഉണ്ടായില്ല. കേസെടുത്തതുകൊണ്ടാണ് തിരുത്താത്തതെന്ന വിചിത്രമായ ന്യായീകരണമാണ് അദ്ദേഹം നിരത്തിയത്.
വിജിലൻസ് എസ്.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് മുന്നിലും ചെയർമാൻ മൗനം പാലിച്ചു. പി.എസ്.സി അംഗങ്ങളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മൊഴികൾ ചെയർമാനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. നിർണായകമായ എല്ലാ തീരുമാനങ്ങളും ചെയർമാനും രണ്ട് അംഗങ്ങളും ചേർന്ന് മാത്രമാണ് എടുക്കുന്നതെന്ന് ഭൂരിഭാഗം പേരും വെളിപ്പെടുത്തിയിട്ടുണ്ട്. ചെയർമാന്റെ പങ്ക് വ്യക്തമാക്കുന്ന സുപ്രധാന രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ചോദ്യപേപ്പറിലെ മുഴുവൻ ചോദ്യങ്ങളും പരിശോധിക്കാത്തതും, അഭിമുഖങ്ങളിൽ അർഹതയില്ലാത്തവർക്ക് വൻതോതിൽ മാർക്ക് നൽകിയതും, വിവരാവകാശ പ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പ് നൽകുന്നത് മനപ്പൂർവ്വം വൈകിപ്പിച്ചതും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ.
അതേസമയം, ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പി.എസ്.സി സെക്രട്ടറി സാജു ജോർജിന് നിർദ്ദേശം നൽകി. തിങ്കളാഴ്ച മുതൽ വിവിധ ഘട്ടങ്ങളിലായി ഹാജരാകാൻ 12 അംഗങ്ങൾക്കും ഇന്ന് നോട്ടീസ് നൽകും. സെക്രട്ടറിയെ പൂർണ്ണമായും ഒഴിവാക്കി ചെയർമാൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തിരുന്നു എന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കൂട്ടായ തീരുമാനമാണെന്ന ചെയർമാന്റെ വാദത്തിന് വിരുദ്ധമായാണ് അംഗങ്ങളുടെ മൊഴികൾ. റിമാൻഡിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിന്റെ മൊഴിക്ക് സമാനമായ രീതിയിലാണ് ചെയർമാനും മറുപടി നൽകിയത്. സതീഷിനെയും അഡീഷണൽ സെക്രട്ടറി ആർ. ഹരിയെയും വെള്ളപൂശുന്ന സമീപനമാണ് ചെയർമാൻ സ്വീകരിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയർ തകരാറാണ് എല്ലാറ്റിനും കാരണമെന്ന വാദം അദ്ദേഹം ആവർത്തിച്ചു. എല്ലാ അംഗങ്ങളുടെയും മൊഴികൾ രേഖപ്പെടുത്തിയ ശേഷം ചെയർമാനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് നീക്കം.
47 ചോദ്യങ്ങൾ ഗൈഡിൽ നിന്ന്; പുതിയ കേസ്
പി.എസ്.സിക്കെതിരെ മറ്റൊരു കേസ് കൂടി ഇന്നലെ രജിസ്റ്റർ ചെയ്തു. 2023-ലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷയിൽ നടന്ന തട്ടിപ്പാണ് പുതിയ കേസ്. പരീക്ഷയിലെ 100 ചോദ്യങ്ങളിൽ 47 എണ്ണവും ഒരു ഓൺലൈൻ ഗൈഡിൽ നിന്ന് അതേപടി പകർത്തിയതാണെന്ന് കണ്ടെത്തി. ഇത് ചോദ്യങ്ങൾ മുൻകൂട്ടി ചോർത്തി നൽകുന്നതിന് തുല്യമാണെന്ന് കേസെടുത്തുകൊണ്ട് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ കേസിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ നിയമന തട്ടിപ്പുകളിലും നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
പ്രതി റിമാൻഡിൽ
കോഴിക്കോട്ട് വെച്ച് അറസ്റ്റിലായ പി. സതീഷിനെ തിരുവനന്തപുരത്തെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച ഇദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങി പി.എസ്.സി ഓഫീസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. കുടുംബത്തോടൊപ്പം ഒളിവിൽ പോയ അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പട്ടത്തെ ഇദ്ദേഹത്തിന്റെ വീട് പൂട്ടിയിട്ട നിലയിലാണ്. പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.




