NEWS

ക്ഷേത്രത്തിൽ വിവാഹ രജിസ്ട്രേഷൻ ക്യാമ്പ്: ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

വിവാഹ രജിസ്‌ട്രേഷനായെത്തിയവരുടെ വൻ തിരക്ക്

കോഴിക്കോട്: യുവാക്കൾക്കായി ഒരു ക്ഷേത്രം സംഘടിപ്പിച്ച വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പ് അപ്രതീക്ഷിത ജനത്തിരക്കിൽ മുങ്ങി. ഏതാണ്ട് 1500 പേരെ മാത്രം പ്രതീക്ഷിച്ചിടത്ത്, പ്രതീക്ഷിച്ചതിലും അഞ്ചിരട്ടിയിലേറെ ആളുകൾ എത്തിയതോടെയാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്. രജിസ്‌ട്രേഷനായി വൻതോതിൽ ആളുകൾ തടിച്ചുകൂടിയത് സമീപത്തുള്ള ദേശീയപാതയിൽ ഉൾപ്പെടെ വലിയ ഗതാഗത തടസത്തിനും വഴിവെച്ചു. കാരന്തൂർ ഹരഹര മഹാദേവക്ഷേത്രം അധികൃതർ മുൻകൈയെടുത്ത് നടത്തിയ ഈ ക്യാമ്പ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

വിവാഹ രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തുന്ന വിവരം ആഴ്ചകൾക്ക് മുമ്പേ തന്നെ സോഷ്യൽ മീഡിയയിലൂടെ ക്ഷേത്ര സമിതി അറിയിച്ചിരുന്നു. ഈ വാർത്ത കാട്ടുതീ പോലെ പടർന്നതോടെ, തങ്ങളുടെ മക്കൾക്ക് നല്ലൊരു പങ്കാളിയെ കണ്ടെത്തുന്നതിനായി മറ്റ് ജില്ലകളിൽ നിന്ന് പോലും ധാരാളം പേർ രജിസ്‌ട്രേഷനായി ഒഴുകിയെത്തുകയായിരുന്നു. 1500 പേർക്ക് വേണ്ടിയുള്ള സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത് എങ്കിലും, സൗജന്യ രജിസ്‌ട്രേഷൻ ലക്ഷ്യമിട്ട് എത്തിയവരുടെ നീണ്ട നിര ക്ഷേത്രമുറ്റവും കടന്ന് ദേശീയപാതയിലെ രണ്ട് ബസ് സ്റ്റോപ്പുകൾ വരെ നീണ്ടുനിന്നു. റോഡിൽ തിരക്ക് അനിയന്ത്രിതമായതോടെ സ്ഥിതി ശാന്തമാക്കാൻ പോലീസിന് സ്ഥലത്തെത്തേണ്ടി വന്നു.

അപേക്ഷാ ഫോമുകൾ പെട്ടെന്നുതന്നെ തീർന്നുപോയത് സംഘാടകരെ അക്ഷരാർത്ഥത്തിൽ വട്ടം കറക്കി; ഫോമുകൾ ഫോട്ടോകോപ്പി എടുത്ത് വിതരണം ചെയ്യാൻ അവർ ഓട്ടപ്രദക്ഷിണം തന്നെ നടത്തി. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും, പുലർച്ചെ തന്നെ വൻ ജനക്കൂട്ടം ക്ഷേത്രപരിസരത്ത് തമ്പടിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ക്യാമ്പ്, തിരക്ക് നിയന്ത്രിക്കാനാവാതെ സന്ധ്യ കഴിഞ്ഞാണ് പൂർത്തിയായത്. രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ക്രോഡീകരിച്ച് പിന്നീട് അപേക്ഷകർക്ക് ലഭ്യമാക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. രജിസ്റ്റർ ചെയ്തവരിൽ 80 ശതമാനവും പുരുഷന്മാരാണ്, അതിൽ തന്നെ 30 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് മുൻതൂക്കം. അപേക്ഷകരായ യുവതികളിൽ ഭൂരിഭാഗവും രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Sports ⏭️

Read News ⏭️

Back to top button