NEWS
‘ഉറങ്ങുകയാണെന്ന് കരുതി ആരും ശ്രദ്ധിച്ചില്ല’: ഏഴ് വർഷം ഷാർജയിലെ തെരുവിൽ, പ്രവാസത്തിന്റെ വിങ്ങലായി ഷാജഹാൻ മടങ്ങി; ‘വാപ്പയെ കാണണം’ എന്ന് കണ്ണീരോടെ മകൾ

ഷാർജ∙ ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ ചൂടും തണുപ്പമേറ്റ് താമസിച്ചിരുന്ന മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ(54) ആണ് മരിച്ചത്. കഴിഞ്ഞദിവസം (ഓഗസ്റ്റ് 3) വൈകിട്ട് അഞ്ചിനായിരുന്നു മരണം. എന്നാൽ പാർക്കിൽ കിടന്നുറങ്ങുകയാണെന്ന് കരുതി ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല. രാത്രി ഒൻപതോടെ ആരോ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ആംബുലൻസിൽ മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് കൊണ്ടുപോയി. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഷാർജയിലെ സൗദി പള്ളിക്കടുത്തുള്ള അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിലായിരുന്നു നിരാലംബരായ മറ്റ് അനേകം പ്രവാസികളിലൊരാളായി കുറേക്കാലമായി ഷാജഹാന്റെ ജീവിതം. പള്ളിയിൽ നിന്ന് പ്രാഥമികാവശ്യങ്ങൾ നിറവേറ്റി, ആരെങ്കിലും കാരുണ്യത്തോടെ വാങ്ങി നൽകുന്ന ഭക്ഷണം കഴിച്ച് അദ്ദേഹം ദിവസങ്ങൾ തള്ളി നീക്കി. കടുത്ത പ്രമേഹബാധിതനായിരുന്നെങ്കിലും മരുന്നുകൾ കഴിക്കാൻ പോലും കൂട്ടാക്കിയില്ല.
Fashion ⏭️


