NEWS

‘കൈ അകലത്തിൽ ജോൺ നീന്തി വന്നതായിരുന്നു… ഷാജൂ എന്ന വിളി കേട്ട് കൈപ്പിടിയിലാക്കാൻ ശ്രമിക്കവെയാണ്…’


വിഴിഞ്ഞം ∙ ‘ആ തിര വരാതിരുന്നുവെങ്കിൽ…’ തങ്ങളുടെ പ്രിയപ്പെട്ട ജോണിനെ കടലിൽ കാണാതാകില്ലായിരുന്നു…’ 31ന് രാത്രിയിലെ കടൽക്ഷോഭത്തെ തുടർന്ന് വള്ളം മറിഞ്ഞു കടലിൽ കാണാതായ കരുംകുളം പുല്ലുവിള സ്വദേശി ജോണിനൊപ്പം അപകടത്തിൽപെട്ടു രക്ഷപ്പെട്ട പുല്ലുവിള സ്വദേശികളായ ഷാജുവും ദീപുവും പറയുന്നു. മനോജ്, ഷാജി എന്നിവരായിരുന്നു രക്ഷപ്പെട്ട മറ്റു രണ്ടു പേർ. ശംഖുമുഖം വെട്ടുകാട് തീരത്തുനിന്ന് ഏകദേശം 25 കിലോമീറ്റർ ഉള്ളിലായി ജോൺ ഉൾപ്പെട്ട 5 അംഗ സംഘം 31ന് രാത്രി 12ന് ശേഷം വല വീശിക്കിടക്കുമ്പോഴാണ് കടലിന്റെ സ്ഥിതി മാറിയത്. ശക്തമായ മഴയിലും കാറ്റിലും കടൽ ഇളകി മറിഞ്ഞു. വൻ തിരകളിൽപെട്ട് ആടിയുലഞ്ഞ വള്ളം പെട്ടെന്നു കീഴ്മേൽ മറിഞ്ഞു. 5 പേരും ചിതറി കടലിൽ വീണു. കൂരിരുട്ടും ശക്തമായ മഴയും കാഴ്ചയെ മറച്ചു. മറിഞ്ഞ വള്ളത്തിലെ എൻജിൻ ഭാഗത്ത് എങ്ങനെയോ പിടികിട്ടിയെന്നു ഷാജു പറഞ്ഞു. ശേഷിച്ച 3 പേരും നീന്തിയെത്തി വള്ളത്തിൽ പിടിച്ചു. കൈ അകല ദൂരത്തിൽ ജോൺ നീന്തി വന്നതായിരുന്നു…ഷാജൂ.എന്ന ജോണിന്റെ വിളി കേട്ട് കൈപ്പിടിയിലാക്കാൻ ശ്രമിക്കവെയാണ് വലിയ തിര വന്നതെന്ന് ഷാജുവും ദീപുവും വേദനയോടെ പറഞ്ഞു.കുറച്ചകലെ മറ്റൊരു വള്ളത്തിൽനിന്നുള്ള വെളിച്ചം കണ്ടതോടെ ജോൺ ആ വള്ളത്തിൽ കയറി രക്ഷപ്പെട്ടിരിക്കാം എന്നാശ്വസിച്ചു. തിരകളിൽ ഉയർന്നുപൊങ്ങുന്ന കമിഴ്ന്ന വള്ളത്തിൽ വളരെ ശ്രമപ്പെട്ടു പുലരും വരെ പിടിച്ചു കിടന്നു. കുറച്ചകലെക്കൂടി പോയ പുല്ലുവിളയിലെ ക്ലീറ്റസ് എന്നയാൾ ഉൾപ്പെട്ട വള്ളക്കാർ വിളി കേട്ടെത്തി രക്ഷപ്പെടുത്തിയില്ലായിരുന്നു എങ്കിൽ വിധി മറ്റൊന്നായേനെ എന്ന് ഇരുവരും പറഞ്ഞു.


Fashion ⏭️

Back to top button