NEWS

ചെറുനാരങ്ങ വില കേട്ടാൽ ദാഹം പോകും; നാരങ്ങ‌വെള്ളത്തിന്റെ കച്ചവടം നിർത്തേണ്ടി വരുമെന്ന് കച്ചവടക്കാർ


ഏനാത്ത്∙ ചൂടേറിയതോടെ ആശ്വാസം തേടി നാരങ്ങവെള്ളം കുടിക്കുന്നവരേറെ. എന്നാൽ ചെറുനാരങ്ങയുടെ വില ചൂടിനേക്കാളേറെ പൊള്ളിക്കുകയാണ്. ഓണവും വിവാഹ സീസണും കണക്കിലെടുത്തു നാരങ്ങവില ഉയരാറുണ്ടെങ്കിലും ഇത്തവണ ഓണക്കാലം കഴിഞ്ഞിട്ടും നാരങ്ങവില കുറഞ്ഞില്ല. മിക്ക മൊത്തവ്യാപാര കേന്ദ്രങ്ങളിലും ചെറുനാരങ്ങ കിലോഗ്രാമിനു 240 മുതൽ 260 രൂപ വരെയായിരുന്നു വില. ഓണക്കാലത്ത് 120 മുതൽ 180 രൂപ വരെയുണ്ടായിരുന്ന വിലയാണ് ഇപ്പോൾ ഇരട്ടിയോളമായത്. ഇതോടെ ചിലയിടങ്ങളിൽ നാരങ്ങവെള്ളത്തിന്റെ വിലയും കൂടിയിട്ടുണ്ട്.ചില്ലറ വിൽപന കേന്ദ്രങ്ങളിൽ 280 രൂപയ്ക്കു മുകളിലാണ് ഒരു കിലോഗ്രാം നാരങ്ങയുടെ വില. വലുപ്പവും ഗുണമേന്മയും അനുസരിച്ചു വില 300 കടക്കും. വലുപ്പമുള്ള ഒരു നാരങ്ങയ്ക്കു 10 രൂപയിലധികം നൽകണം. കേരളത്തിൽ ആവശ്യമായ നാരങ്ങ കൂടുതലും അയൽ സംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. അവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതാണു വില ഉയരാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. തീരെ വലുപ്പം കുറഞ്ഞ നാരങ്ങയാണ് ഇപ്പോൾ എത്തുന്നത്. നീരും ഗുണവുമുള്ള പുളിയൻകുടി നാരങ്ങയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. ഇതിനാണ് ഉയർന്ന വിലയും.


Fashion ⏭️

Back to top button