മിഷൻ സമുദ്രയിലൂടെ കേരളത്തെ തുറമുഖ നഗരമാക്കും: മുഖ്യമന്ത്രി

mission
തിരുവനന്തപുരം:മിഷൻ സമുദ്രയിലൂടെ കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കൊല്ലത്തിന്റെ മാരിടൈം സാദ്ധ്യതകളും വഴികളും സംബന്ധിച്ച് കേരളകൗമുദി കൊല്ലം യൂണിറ്റ് സംഘടിപ്പിച്ച ‘മിഷൻ സമുദ്ര’ കോൺക്ലേവ് തിരുവനന്തപുരം ലെമൺട്രീ പ്രീമിയം ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അന്താരാഷ്ട്ര തുറമുഖങ്ങളും ചെറുതുറമുഖങ്ങളും തുറന്നിടുന്നത് വലിയ സാദ്ധ്യതകളാണ്. മിഷൻ സമുദ്രയുടെ ആദ്യഘട്ടത്തിൽ 5 മിനി തുറമുഖങ്ങൾ വികസിപ്പിക്കും. ഇതിൽ കൊല്ലം തുറമുഖത്തിന് വലിയ പ്രധാന്യമുണ്ട്. തുറമുഖം വികസിക്കുമ്പോൾ പോർട്ടിന് പുറത്തുള്ള വികസനമാണ് സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നത്. വലിയ ജോലി സാദ്ധ്യതയാണ് തുറമുഖ വികസനത്തിലൂടെ കേരളത്തിലുണ്ടാകുക. തീരപ്രദേശത്ത് ജീവിക്കുന്നവരുടെ മക്കൾക്ക് തൊഴിലിൽ സംവരണം കൊണ്ടുവരും. കൊല്ലം തുറമുഖം കേന്ദ്രമാക്കി വികസന കോറിഡോർ തുടങ്ങും.
കേരളത്തിന്റെ ജി.ഡി.പിയുടെ 40 ശതമാനം സംഭാവന ചെയ്യാൻ കഴിയുന്ന തരത്തിൽ തുറമുഖ വികസനം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രാതീതകാലം മുതൽ തന്നെ പ്രസിദ്ധമാണ് കൊല്ലം പട്ടണമെന്നും കൊല്ലത്തിന്റെ വികസനവുമായ് ബന്ധപ്പെട്ട് കേരള കൗമുദി നടത്തുന്ന ഉദ്യമം ശ്ലാഘനീയമാണെന്നും ചടങ്ങിൽ സംസാരിച്ച മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി സതീശന്റെ സ്വപ്നപദ്ധതിക്ക് പിന്തുണയേകുന്ന പ്രവർത്തനം കാഴ്ചവെക്കുന്ന കേരളകൗമുദി പ്രത്യേകം അഭിന്ദനമർഹിക്കുന്നു. കൊല്ലത്തിന്റെ വീണ്ടെടുപ്പിന് കേരളകൗമുദി നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷനായിരുന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രിമാരായ പി.സി.വിഷ്ണുനാഥിനും ബിന്ദുകൃഷ്ണയ്ക്കുമുള്ള കേരളകൗമുദിയുടെ സ്നേഹസമ്മാനം ചീഫ് എഡിറ്റർ ദീപു രവി സമ്മാനിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ സ്വാഗതവും കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ നന്ദിയും പറഞ്ഞു. കൗമുദി ടി.വി. ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ മോഡറേറ്റർ ആയിരുന്നു.




