NEWS
‘പ്രതീക്ഷ’ അസ്തമിച്ചു; കുമ്പളങ്ങി വഴിയിലെ പ്രതീക്ഷ തിയറ്റർ പൊളിച്ച് തുടങ്ങി

പള്ളുരുത്തി ∙ അഞ്ച് ദശകമായി പടിഞ്ഞാറൻ കൊച്ചിയിലെ സിനിമാപ്രേമികൾക്ക് ദൃശ്യചാരുത സമ്മാനിച്ച കുമ്പളങ്ങി വഴിയിലെ പ്രതീക്ഷ തിയറ്റർ ഓർമയാകുന്നു. തിയറ്റർ പൊളിച്ചു നീക്കുന്ന ജോലികൾ ഏതാനും ദിവസത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ കൊച്ചിയിലെ മറ്റൊരു സിനിമ കൊട്ടക കൂടി ചരിത്രമാകും. 1977-ലാണ് പ്രതീക്ഷ തിയറ്റർ തുറന്നു കൊടുക്കുന്നത്. അന്നത്തെ കൊച്ചി മേയർ എ.കെ.ശേഷാദ്രിയാണ് ഉദ്ഘാടനം ചെയ്തത്. എൻ.ശങ്കരൻ നായർ സംവിധാനം ചെയ്ത കമൽഹാസൻ – ശ്രീദേവി ജോഡികളുടെ ‘ശ്രീദേവി’ ആയിരുന്നു പ്രദർശിപ്പിച്ച ആദ്യ സിനിമ. അന്നത്തെ കാലത്തു മികച്ച ശബ്‌ദ വെളിച്ച സംവിധാനത്തോടെയാണ് തിയറ്റർ തുറന്നത്. കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, ഇടക്കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തിയറ്ററിലേക്ക് എത്തിയിരുന്നതിൽ അധികവും. സി-ക്ലാസ് സിനിമ തിയറ്റർ ആയിരുന്നെങ്കിലും ജനങ്ങളുടെ മനസ്സിൽ ഒരു പ്രത്യേക ഇടമുണ്ടാക്കിയെടുക്കാൻ പ്രതീക്ഷയ്ക്ക് സാധിച്ചു.
Fashion ⏭️


