NEWS

നേതാക്കളുടെ ബന്ധുക്കളുടെ ബിസിനസ് പാർട്ടിക്ക് അറിയേണ്ട; ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം വാങ്ങി: ഗോവിന്ദൻ


തിരുവനന്തപുരം ∙ സിഎംആർഎല്ലിൽനിന്ന് പിണറായി വിജയന്റെ മകൾ വീണ പണം വാങ്ങിയത് കരാർ പ്രകാരം നൽകിയ സേവനത്തിനാണെന്നും മന്ത്രിമാരായ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയത് നിയമാനുസൃതമല്ലാതെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നേതാക്കളുടെ ബന്ധുക്കൾ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് പാർട്ടിക്ക് അറിയേണ്ട കാര്യമില്ല. സർക്കാരിലേക്കു നികുതി ഉൾപ്പെടെ അടച്ച് പണം സ്വീകരിച്ച വീണയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോൾ മറ്റുള്ളവർക്ക് ഇളവ് അനുവദിക്കുകയാണ്. ഇക്കാര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് ഇ.ഡിക്കു വ്യക്തമായതോടെയാണ് ഹവാല കഥയുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.റെഡ് ബുക്ക് ഉണ്ടെന്നും പണം വിദേശത്തേക്ക് അയച്ചെന്നു വീണ മൊഴി നൽകിയെന്നും ഇ.ഡി പറയുന്നത് ശുദ്ധകളവാണെന്ന് ഗോവിന്ദൻ പറഞ്ഞു. 1.78 കോടിയുടെ കാര്യം പറയാതെ പുതിയ കഥകൾ മെനയുന്നത് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ്. വീണയെ ചോദ്യം ചെയ്തപ്പോൾ ഹവാല ഇടപാടിനെപ്പറ്റി ഒരു ചോദ്യം പോലും ചോദിച്ചിരുന്നില്ല. മുഹമ്മദ് റിയാസിന്റെ വാട്‌സാപ് ഗ്രൂപ്പിനെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തി ഇ.ഡി. പറയുന്നതും തെറ്റാണ്. യുഡിഎഫ് സർക്കാരിനെ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാൻ പറ്റുമോ എന്നാണ് ഇ.ഡി ഇപ്പോൾ നോക്കുന്നത്. സോണിയാ ഗാന്ധിയെയും രാഹുലിനെയും ഇ.ഡി ചോദ്യം ചെയ്തപ്പോൾ അതിനെതിരായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. എന്നാൽ ഇവിടെ ഇ.ഡിയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.


Fashion ⏭️

Back to top button