SPORTS
അഗാർക്കറുടെ കാര്യം ഇനി ബിസിസിഐ തീരുമാനിക്കും, പകരക്കാരനായി 2 പേർ ചർച്ചയിൽ; മുൻഗണന മുൻ വിക്കറ്റ് കീപ്പർക്ക്

മുംബൈ∙ ബിസിസിഐ സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറിനു കാലാവധി നീട്ടി നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ബിസിസിഐ ഭാരവാഹികൾക്ക് പൂർണ ചുമതല. വെള്ളിയാഴ്ച മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. അജിത് അഗാർക്കർ സിലക്ഷൻ കമ്മിറ്റി ചെയർമാനായി തുടരണോ അതോ പുതിയ ഒരാളെ കണ്ടെത്തണോ എന്ന കാര്യത്തിൽ അന്തിമതീരുമാനത്തിന് ഭാരവാഹികളെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു. ബിസിസിഐയുടെ 95-ാമത് വാർഷിക പൊതുയോഗത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി (ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ), മുൻ പേസർ വെങ്കിടേഷ് പ്രസാദ് (കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ) എന്നിവരുൾപ്പെടെ സംസ്ഥാന ബോർഡ് അധ്യക്ഷന്മാരും പങ്കെടുത്തു. സീനിയർ സിലക്ഷൻ കമ്മിറ്റി ചെയർമാന്റെ ഭാവി തീരുമാനിക്കുന്നതിനൊപ്പം, ജൂനിയർ സിലക്ഷൻ കമ്മിറ്റിയിലെ അഞ്ച് ഒഴിവുകളും നികത്താൻ ബിസിസിഐ ലക്ഷ്യമിടുന്നുണ്ട്.‘പ്രധാന മത്സരങ്ങൾ വാങ്കഡെയ്ക്ക് നൽകണം’ പ്രധാനപ്പെട്ട മത്സരങ്ങൾ അനുവദിക്കുമ്പോൾ തങ്ങളെക്കൂടി പരിഗണിക്കണമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) ബിസിസിഐയോട് ആവശ്യപ്പെട്ടതായി സംസ്ഥാന ബോർഡ് സെക്രട്ടറി ഉൻമേഷ് ഖാൻവിൽകർ പറഞ്ഞു. ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിൽ ഒരു ടെസ്റ്റ് മത്സരം നടന്നിട്ട് ഏകദേശം രണ്ട് വർഷത്തോളമാകുന്നു. 2024ന്റെ അവസാനത്തിൽ ന്യൂസീലൻഡിനെതിരെയായിരുന്നു ഇവിടെ അവസാനമായി ടെസ്റ്റ് മത്സരം നടന്നത്. എങ്കിലും, അടുത്ത വർഷം ആദ്യം നടക്കുന്ന വനിതാ ചാംപ്യൻസ് ലീഗ് മത്സരങ്ങളും, വനിതാ പ്രിമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) ചില മത്സരങ്ങളുടെയും വേദിയാകുന്നതിലൂടെ ക്രിക്കറ്റ് വീണ്ടും വാങ്കഡെയിലേക്ക് തിരിച്ചെത്തുകയാണ്.
Auto ⏭️


