NEWS
വിവാഹസ്വപ്നത്തിനു മേൽ അവന്റെ ചതിനിഴൽ; ഒടുവിൽ അദ്ഭുതം ഉദിച്ചു; എൽദോയ്ക്ക് അഭിമാനരക്ഷ!

കൊച്ചി ∙ സെപ്റ്റംബർ 12 ശനിയാഴ്ച. എറണാകുളം ഐരാവൂർ സ്വദേശി കെ.വി.എല്‍ദോയുടെ കുടുംബത്തിൽ സന്തോഷത്തിന്റെ ദിനമായിരുന്നു അത്. രണ്ടുദിവസം കഴിഞ്ഞാൽ മകന്റെ വിവാഹമാണ്. എന്നാൽ അന്നു വൈകിട്ട് ആശങ്കയുടെ വലിയൊരു കാർമേഘം ആ കുടുംബത്തിനു മേൽ ഉരുണ്ടുകൂടി. പിന്നെയുണ്ടായത് പരക്കംപാച്ചിലിന്റെ മണിക്കൂറുകൾ. 14 ന് കോലഞ്ചേരി കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ ദേവാലയത്തിൽ വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി വിവാഹവിരുന്നിലും പങ്കെടുത്ത് അവസാനത്തെ അതിഥിയും മടങ്ങിയപ്പോഴാണ് എൽദോയുടെയും കുടുംബത്തിന്റെയും ശ്വാസം നേരേ വീണത്. ആ ‘രക്ഷപ്പെടലിന്റെ’ അവിശ്വസനീയത എൽദോയുടെ വാക്കുകളിൽ ഇപ്പോഴുമുണ്ട്– ‘വലിയൊരു നാണക്കേടിൽ നിന്നാണ് ഞങ്ങൾ രക്ഷപ്പെട്ടത്’. കാഞ്ഞിരപ്പിള്ളി ഉദയം ഇവന്റ്സ് ആൻഡ് കേറ്ററിങ് നടത്തിപ്പുകാരൻ വിഷ്ണുവിന്റെ തട്ടിപ്പിനിരയായ മറ്റൊരാളാണ് 63കാരനായ എൽദോ. കോട്ടയത്തും മുണ്ടക്കയത്തും നടന്ന സമാന രീതിയിലുള്ള തട്ടിപ്പുകളുടെ വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് എൽദോയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്ന ദുരവസ്ഥയും പുറത്തു വന്നത്. അവരുടെ അവസ്ഥ കണ്ട് പ്രതിസന്ധിക്കു പരിഹാരവുമായെത്തിയ റെജി എന്ന കാറ്ററിങ് സ്ഥാപന ഉടമയാണ് എൽദോയ്ക്കു സഹായമായത്. വിവാഹത്തിനും മധുരംവയ്പ് ചടങ്ങിനും ഭക്ഷണവും സ്റ്റേജ് അലങ്കാരങ്ങളും വാഗ്ദാനം ചെയ്ത് ഉദയം കാറ്ററിങ്ങിന്റെ വിഷ്ണു 3 ലക്ഷം രൂപ വഞ്ചിച്ചെന്ന് കാണിച്ച് കുന്നത്തുനാട് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് എൽദോ. ‘‘സെപ്റ്റംബർ 12നും 14നുമായിട്ടായിരുന്നു മകന്റെ കല്യാണം നിശ്ചയിച്ചിരുന്നത്. 12ാം തീയതി മധുരം വയ്പും 14ന് വിവാഹവും. മകനും വധുവും യുകെയിൽ ജോലി ചെയ്യുകയാണ്. അവർ രണ്ടുപേരും കൂടി ആലോചിച്ച് ഇൻസ്റ്റഗ്രാമിലൂടെ കണ്ടാണ് ഉദയം കാറ്ററിങ് ബുക്ക് ചെയ്യുന്നത്. പത്താം തീയതി പെൺകുട്ടിയുടെ സ്ഥലത്ത് വച്ചു നടന്ന എൻഗേജ്മെന്റ് ചടങ്ങുകൾ ആ കാറ്ററിങ്ങുകാരൻ കറക്റ്റ് ആയിട്ട് ചെയ്തു തന്നിരുന്നു. 450–500 പേർക്കുള്ള പരിപാടിയായിരുന്നു അത്. ഇറച്ചിയും ചിക്കനും മോരുകറിയുമൊക്കെയായി ഉച്ചഭക്ഷണവും സ്റ്റേജുമെല്ലാം അവൻ ഭംഗിയായി ചെയ്തു. അപ്പോൾപ്പിന്നെ നമ്മൾ വിശ്വസിക്കുമല്ലോ’’– എൽദോ മനോരമ ഓൺലൈനോട് പറയുന്നു.കീഴില്ലത്ത് പ്രവർത്തിക്കുന്ന ഹാപ്പി ബൈറ്റ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയും എൽദോയുടെ അകന്ന ബന്ധുവുമായ വി.സി. റജിയാണ് തക്ക സമയത്ത് സഹായമായത്. ‘‘ശനിയാഴ്ച രാത്രി 11:30ഓടെയാണ് എനിക്കു ഫോൺ വരുന്നത്. ‘ഇങ്ങനെ ഒരു പറ്റുപറ്റി, എന്താ ചെയ്യാൻ പറ്റുക?’ എന്ന്. ഞാൻ പറഞ്ഞു, ‘ചേട്ടാ കുഴപ്പമില്ല, നമുക്ക് ഒരു ദിവസത്തെ ഗ്യാപ്പ് ഉണ്ടല്ലോ’. ശനിയും ഞായറും തിങ്കളുമൊക്കെ ഞങ്ങൾക്കു വർക്ക് ഉണ്ടായിരുന്നു. അപ്പോത്തന്നെ ബീഫും ചിക്കനും മീനുമെല്ലാം ഓർഡർ ചെയ്ത് പിറ്റേ ദിവസത്തേക്കു കിട്ടാനുള്ള പരിപാടി ചെയ്തു. ഞായറാഴ്ച ആയതുകൊണ്ട് പച്ചക്കറി കിട്ടിയില്ല. അത് തിങ്കളാഴ്ച രാവിലെ 4 മണിക്കു മാർക്കറ്റിൽ പോയി വാങ്ങി. ഇത്തിരി കഷ്ടപ്പെടേണ്ടി വന്നു എന്നു മാത്രം. 800 പേർക്കുള്ള ഫുഡാണ് റെഡിയാക്കിയത്. സാധാരണ നമ്മൾ മീൻകറി, കാളൻ, അച്ചാർ ഒക്കെ തലേദിവസംതന്നെ ഉണ്ടാക്കി വയ്ക്കും. അന്ന് അതിനുള്ള സമയം കിട്ടാത്തതുകൊണ്ട് ടെൻഷനായിപ്പോയി എന്നു മാത്രം. ഞായർ ഉച്ച മുതൽ സാധനങ്ങളൊക്കെ ഉണ്ടാക്കിത്തുടങ്ങി. ഫസ്റ്റ് കോഴ്സ് ഉണ്ട്. അപ്പവും ചിക്കൻ സ്റ്റൂവും പിന്നെ ചോറ്, ബീഫ്, ചിക്കൻ, മീൻകറി, കാളൻ, തോരൻ, അവിയൽ, അച്ചാർ, പഴം, പായസം, ഐസ്ക്രീം… വലിയ പരിപാടിയായിരുന്നു. അന്ന് വേറെ വർക്ക് ഉള്ളതുകൊണ്ടും തിങ്കളാഴ്ചയായതുകൊണ്ടും ഈ സർവീസിന് പിള്ളേരെ കിട്ടാനും ഇത്തിരി പാടായിരുന്നു. പിന്നെ രണ്ടും മൂന്നും പേരെ വീതം പലയിടത്തുനിന്നു കൊണ്ടുവന്നു. 11 വർഷമായി ഈ സ്ഥാപനം തുടങ്ങിയിട്ട്. ഒരു ദിവസം മുൻപൊക്കെ ഓർഡർ തന്നവർക്കു ഭക്ഷണം കൊടുത്തിട്ടുണ്ട്. പക്ഷേ ഇത്ര വലിയ അളവിൽ ആദ്യമായിട്ടായിരുന്നു’’– റജി പറയുന്നു.
Fashion ⏭️


