NEWS

ചവറ്റുകുട്ട തലയിൽ ധരിച്ച് ബ്രിട്ടനിൽ നൈജിൽ ഫരാജിന് ഒരു എതിരാളി: ബിന്‍, ബൂട്ട്‌, ബാലറ്റ്‌ പെട്ടി


ലണ്ടൻ ∙ ഒരു വലിയ വെള്ളനിറമുള്ള ചവറ്റുകുട്ട തലയില്‍ ധരിച്ച ഒരാള്‍ ബ്രിട്ടിഷ്‌ പാര്‍ലമെന്റിലേക്ക്‌ മത്സരിക്കുന്നു. എതിരാളി മറ്റാരുമല്ല, ബ്രിട്ടനിലെ ഏറ്റവും വിവാദപരവും സ്വാധീനവുമുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ നൈജില്‍ ഫരാജ്‌. ആ സ്ഥാനാർഥിയുടെ പേര്‌ കൗണ്ട്‌ ബിന്‍ഫേസ്‌. ആദ്യനോട്ടത്തില്‍ ഇത്‌ ഒരു തമാശയാണെന്ന്‌ തോന്നും. എന്നാല്‍ ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും ഗൗരവമുള്ള ചോദ്യങ്ങളില്‍ ഒന്നാണ്‌ ഈ തമാശ ഉയര്‍ത്തുന്നത്‌. ജനാധിപത്യത്തിന്റെ ശക്തി പരിഹാസം സഹിക്കുന്നതിലാണ്‌. ഒരു സര്‍ക്കാരിന്‌ വിമര്‍ശനം സഹിക്കാനാകുന്നത്‌ വലിയ കാര്യമാണ്‌. പക്ഷേ പരിഹാസം സഹിക്കാനാകുന്നത്‌ അതിനേക്കാള്‍ വലിയ കാര്യമാണ്‌. പരിഹാസം അധികാരത്തിന്റെ അഹങ്കാരത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌. സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ പലപ്പോഴും വിമര്‍ശനത്തേക്കാള്‍ കൂടുതല്‍ ഭയപ്പെടുന്നത്‌ തമാശയെയാണ്‌. ഒരു നല്ല രാഷ്ട്രീയ തമാശ ജനങ്ങളുടെ മനസ്സില്‍ കയറിയാല്‍ അതിനു മാറ്റമില്ല. ‘പോറ്റിയെ കേറ്റിയേ’ എന്നതും മറ്റും ജനമനസ്സുകളില്‍ ഉറച്ചതു നമ്മള്‍ കണ്ടതാണല്ലോ. അതുകൊണ്ടാണ്‌ ജോര്‍ജ്‌ ഓർവെൽ പറഞ്ഞത്‌: “Every joke is a tiny revolution.” ഓരോ നല്ല രാഷ്ട്രീയ തമാശയും ഒരു ചെറിയ ജനാധിപത്യ വിപ്ലവമാണ്‌.കേരളത്തിന്‌ ഈ വിഷയത്തില്‍ അതിലും സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്‌- ചാക്യാര്‍കൂത്ത്‌. ചാക്യാര്‍ രാമായണവും മഹാഭാരതവും അവതരിപ്പിക്കുമ്പോള്‍ രാജാക്കന്മാരെയും ഉദ്യോഗസ്ഥരെയും സമൂഹത്തിലെ പ്രമുഖരെയും തുറന്നു പരിഹസിക്കുമായിരുന്നു. അവരുടെ നര്‍മം വിനോദമായിരുന്നില്ല. അത്‌ സാമൂഹിക വിമര്‍ശനമായിരുന്നു. അധികാരത്തോട്‌ നേരിട്ട്‌ പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ ചിരിയുടെ ഭാഷയില്‍ പറയാനുള്ള കലാരൂപമായിരുന്നു. ഇന്ന്‌ ‘Political Satire’ എന്ന്‌ വിളിക്കുന്നതിനെ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ കേരളം കലാരൂപമാക്കിയിരുന്നു.


Fashion ⏭️

Back to top button