NEWS

‘പത്ത് മിനിറ്റ് തരാമോ ചേട്ടാ, എന്ത് പ്രശ്നമുണ്ടേലും നമുക്ക് തീർക്കാം’; മദ്ധ്യവയസ്‌കനെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ച് പൊലീസ്

മദ്ധ്യവയസ്കനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന പൊലീസ്.

ഇടുക്കി: ജീവനൊടുക്കാൻ കഴുത്തിൽ കുരുക്കിട്ട് നിന്ന മദ്ധ്യവയസ്‌കനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് പൊലീസ്. കുടുംബ പ്രശ്നത്തെത്തുടർന്നാണ് ഗൃഹനാഥൻ മുറിയിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇളയമകളാണ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. തുടർന്ന് ഇടുക്കി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ബിബിനും സഹപ്രവർത്തകരും പാഞ്ഞെത്തി. ഒരു മണിക്കൂറോളം നീണ്ട സംസാരത്തിനൊടുവിലാണ് കുടുംബനാഥൻ ആത്മഹത്യാശ്രമം ഉപേക്ഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വീടിന്റെ ജനലിലൂടെ അകത്ത് നിൽക്കുന്നയാളോട് പൊലീസുകാർ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ ചേട്ടാ….ഒരു പത്ത് മിനിറ്റ് താ..കഴുത്തീന്ന് അതങ്ങ് അഴിക്ക്. ഒരു പത്ത് മിനിറ്റ് ഞങ്ങളെ ഒന്ന് കേൾക്ക്. ഞങ്ങളില്ലേ.. ഞാൻ വന്നിട്ട് രണ്ട് ദിവസമേ ആയുള്ളൂ. എന്ത് പ്രശ്നമുണ്ടേലും നമുക്ക് തീർക്കാം. രണ്ടുപേരെയും ഞാൻ വിളിക്കാം. ഞാൻ തീരുമാനമെടുക്കാം. ഒരു മകനാണ് പറയുന്നത് തീരുമാനമുണ്ടാക്കാമെന്ന്, അഴിക്ക് ചേട്ടാ..എല്ലാ സഹായവും ചെയ്തുതരാം. ബാ’. ഇതോടെയാണ് അദ്ദേഹം കഴുത്തിലെ കുരുക്ക് അഴിച്ചത്.

തുടർന്ന് അകത്തേക്ക് കയറിയ പൊലീസ് ഉദ്യോഗസ്ഥർ പ്രശ്നം എന്താണെന്ന് അന്വേഷിച്ചു. ഒരു മണിക്കൂറോളം നീണ്ട സംസാരത്തിനൊടുവിലാണ് കുടുംബനാഥൻ ആത്മഹത്യ ശ്രമം ഉപേക്ഷിച്ചത്. എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ ബിബിൻ ഒരാഴ്ചയ്ക്ക് മുമ്പാണ് ഇടുക്കിയിലേക്ക് സ്ഥലം മാറി എത്തിയത്.

English Summary

Idukki police successfully intervened, convincing a middle-aged man to abandon a suicide attempt stemming from family issues. Alerted by his youngest daughter, Sub-Inspector Bibin and his team engaged in an hour-long conversation through a window. The man ultimately removed the noose, with a video of the police’s persuasive efforts subsequently going viral.
RELATED TOPICS: POLICE SAVES MAN, SUICIDE ATTEMPT KERALA, POLICE INTERVENTION, KERALA POLICE, MAN RESCUED BY POLICE

Read News ⏭️

Back to top button