NEWS

പിണറായി ഇഡിക്കുമുന്നിൽ എത്തില്ല, ചുമതലകൾ ചൂണ്ടിക്കാട്ടി മറുപടി നൽകാൻ നീക്കം

പിണറായി വിജയൻ

കൊച്ചി: മാസപ്പടിക്കേസിൽ ചാേദ്യംചെയ്യലിനായി ഇഡിക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഹാജരാകില്ലെന്ന് റിപ്പോർട്ട്. ഇക്കാര്യം ഇഡിയെ ഉടൻ അറിയിക്കും. വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് ഇഡി നോട്ടീസിലൂടെ പിണറായിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ സമ്മേളനം, പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ചുമതല എന്നിവയാണ് ചോദ്യംചെയ്യലിന് എത്താതിരിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. നാളെമുതൽ ആരംഭിക്കുന്ന സിപിഎം സംസ്ഥാനസമിതി യോഗവും കാരണങ്ങളുടെ പട്ടികയിലുണ്ടാവുമെന്നാണ് അറിയുന്നത്. ഈമാസം 29വരെയാണ് നിലവിൽ നിയമസഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് പിണറായിയോട് നിർദ്ദേശിച്ചിരിക്കുന്നത്.വീട്ടിൽ പതിച്ച നോട്ടീസിൽ കഴിഞ്ഞ പത്തുവർഷത്തെ ആദായനികുതി റിട്ടേണുകൾ, ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങൾ, സ്വത്തുവിവരങ്ങളും പാസ്‌പോർട്ട് രേഖകൾ, സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ എന്നിവ എത്തിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, മാസപ്പടി കേസിൽ പിണറായി വിജയൻ, ​മകൾ ടി. വീണ,മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീലുകൾ സുപ്രീം കോടതിയുടെ അവധിക്കാല പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ദസറ അവധിയാണെങ്കിലും കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,​ വി.മോഹന എന്നിവരുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യുകയായിരുന്നു. കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് മൂവർക്കുമെതിരെ വിജിലൻസ് കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു. ഡിവിഷൻ ബെഞ്ച് അതു ശരിവച്ചു. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുമോയെന്നത് നിർണായകമാണ്.

വിജിലൻസ് എഫ്.ഐ.ആറും ഇ.ഡിയുടെ ഇ.സി.ഐ.ആറും രജിസ്റ്റ‌ർ ചെയ്‌ത സാഹചര്യത്തിൽ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്ന് പിണറായിയുടെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടതോടെ,​ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ച് രൂപീകരിക്കുകയായിരുന്നു.

English Summary

Kerala Chief Minister Pinarayi Vijayan will reportedly not appear before the Enforcement Directorate for questioning in the monthly payment case on Friday, citing legislative session and official duties. Meanwhile, the Supreme Court’s special vacation bench is set to hear appeals from Vijayan, his daughter, and son-in-law against a Kerala High Court order for a vigilance case and seeking protection from arrest.
RELATED TOPICS: PINARAYI VIJAYAN ED, PINARAYI VIJAYAN ED SUMMONS, PINARAYI VIJAYAN NEWS, പിണറായി വിജയൻ ഇഡി, PINARAYI ED NOTICE

Read News ⏭️

Back to top button