NEWS
വരുന്നു ഇന്ത്യ-യുഎസ് ഡീൽ! ‘ഇറാൻ നാസികൾ, സമാധാനം അസാധ്യ’മെന്ന് റൂബിയോ; എണ്ണയ്ക്ക് വീണ്ടും തീവില, ജിയോ ഐപിഒ ഇന്ന് മുതൽ

പ്രതികൂല ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ വ്യാപാര മേഖലയ്ക്ക് കരുത്തേകാൻ ഇന്ത്യ-യുഎസ് വ്യാപാര കരാർ വരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ അതിവേഗത്തിൽ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതൊരു പ്രത്യേകതയുള്ള കരാറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയം. ഇരുരാജ്യങ്ങളും വ്യാപാര കരാറിൽ ഏറെ അടുത്തതായി ഇന്നലെ കേന്ദ്രമന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം റൂബിയോയും പറഞ്ഞിരുന്നു. കരാർ സാധ്യമാകുന്നത് ഇന്ത്യൻ വിപണികൾക്ക് പുതിയ കുതിപ്പാകുമെന്നാണ് പ്രതീക്ഷ. അതിനിടെ, റഷ്യയും പാക്കിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വാർത്തകൾക്കിടയിലും പരിഹാരമാകാതെ ഇറാൻ-യുഎസ് സംഘർഷം. ഇരുവിഭാഗവും നിലപാട് കടുപ്പിക്കുകയാണ്. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെ മുഴുവൻ തടയുന്നുണ്ടെന്ന് യുഎസ് സൈന്യം പറയുന്നു. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെന്നും നിർദേശം ലംഘിച്ചെത്തുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാനും. എന്നാൽ ഇറാൻ രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് വാണിജ്യ കപ്പലുകളെ ആക്രമിക്കുകയാണെന്നാണ് യുഎസ് ആരോപണം. യുദ്ധത്തിൽ യുഎസ് വിജയത്തിലേക്ക് അടുക്കുകയാണെന്നും ഈ സാഹചര്യത്തിൽ പിന്മാറാൻ കഴിയില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതികരിച്ചു. ഇറാൻ നാസികളെന്ന് റൂബിയോ വാണിജ്യ കപ്പലുകളെ ആക്രമിക്കുന്ന ഇറാന്റെ നടപടി രണ്ടാം ലോകമഹായുദ്ധത്തിൽ നാസികളുടെ നീക്കത്തിനു തുല്യമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ ആരോപിച്ചു. ഇറാന്റെ ഇത്തരം നടപടികൾ ലോകം കാണണമെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ കപ്പലുകളെയും യുദ്ധവുമായി ഒരു ബന്ധവുമില്ലാത്ത നാവികരെയും ആക്രമിക്കുമെന്ന് ഒരു രാജ്യം പരസ്യമായി പ്രഖ്യാപിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇങ്ങനെയൊന്നു കണ്ടിട്ടില്ല. നാസികളുടെ യു-ബോട്ട് തന്ത്രമാണ് ഇറാൻ പയറ്റുന്നത്. ഇറാനുമായി സമാധാനത്തിലെത്താനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.എല്ലാം മസ്ക് യൂണിവേഴ്സിലേക്ക് തന്റെ നിയന്ത്രണത്തിലുള്ള സ്പേസ് എക്സ്, ടെസ്ല തുടങ്ങിയ കമ്പനികളെ ലയിപ്പിക്കാനുള്ള പദ്ധതിയുമായി ലോകകോടീശ്വരൻ ഇലോൺ മസ്ക്. ഇന്നലെ നിക്ഷേപകർക്ക് നൽകിയ സന്ദേശത്തിലാണ് ലയന പദ്ധതി മസ്ക് അവതരിപ്പിച്ചത്. ഇതിനു വേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ മസ്ക് പങ്കാളിയാകില്ല. ഈ കമ്പനികളെ ഒറ്റക്കുടക്കീഴിൽ കൊണ്ടുവരുന്നതു കൊണ്ട് ഏറെ നേട്ടങ്ങളുണ്ടെന്നാണ് മസ്കിന്റെ അവകാശവാദം. അതിനിടെ നിക്ഷേപകരുടെ പ്രതീക്ഷ തെറ്റിച്ച് മൂന്നാം പാദത്തിൽ സ്പേസ് എക്സിന്റെ വരുമാനം ഉയർന്നു. പ്രവർത്തലാഭം 280 കോടി ഡോളറായി. അറ്റലാഭം 440 കോടി ഡോളറാണ്. കമ്പനിയുടെ വരുമാനം 1272 കോടി ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇത് 1458 കോടി ഡോളറായി വർധിച്ചു.ക്രൂഡോയിൽ വീണ്ടും കത്തി പാക്കിസ്ഥാൻ സൈനിക മേധാവി വഴി സമാധാന ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞതിനു പിന്നാലെ ഇന്നലെ ക്രൂഡോയിൽ വില ഇടിഞ്ഞു. എന്നാൽ ഇറാനുമായി സമാധാനത്തിലെത്തുന്നത് ബുദ്ധിമുട്ടാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോയുടെ പ്രസ്താവന വന്നതിനു പിന്നാലെ വില കുത്തനെ ഉയർന്നു. യുഎസ് ക്രൂഡോയിൽ വീണ്ടും ബാരലിന് 100 ഡോളറിലേക്ക്. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 110 ഡോളറിനു മുകളിലെത്തി. യുഎഇയുടെ മർബൻ ക്രൂഡോയിലും ബാരലിന് 110 ഡോളറിലാണ്. എണ്ണവില ഉയരുന്നത് ഇന്ത്യ അടക്കമുള്ള ഓഹരി വിപണികൾക്ക് ഭീഷണിയാകുമോയെന്ന ആശങ്കയും നിക്ഷേപകർക്കുണ്ട്.
Fashion ⏭️




