‘മർദനത്തിനായി പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥർ, ഉപദ്രവിക്കുന്നത് പ്രധാന സ്ഥാനം നോക്കി’

പിണറായി വിജയൻ
തിരുവനന്തപുരം: എസ്‌എഫ്ഐ സമരത്തിനെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. പ്രധാന സ്ഥാനങ്ങൾ നോക്കിയുള്ള മർദനത്തിലൂടെയാണ് പൊലീസ് സമരക്കാരെ നേരിട്ടതെന്ന് പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസ് അനുകൂല നിലപാടാണ് യുഡിഎഫ് സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വന്ദേമാതരത്തിന്റെ രണ്ട് ചരണം മാത്രം പാടിയാൽ മതിയെന്നായിരുന്നു മുൻ നിലപാട്. ഇത് മറികടന്ന് മുഴുവനായും പാടുകയാണെന്നും സർവകലാശാലയിലടക്കം ഈ രീതി തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമർത്താനുള്ള ശ്രമമാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്നും പിണറായി പറഞ്ഞു.
‘യുഡിഎഫ് സർക്കാർ കേന്ദ്രത്തിന്റെ പാതയിലാണ്. ദില്ലിയിൽ പെല്ലറ്റ് എങ്കിൽ ഇവിടെ മറ്റ് വഴികൾ. പൊലീസിനെ തിരുത്താൻ സർക്കാർ തയ്യാറാകണം. ഇല്ലെങ്കിൽ വലിയ പ്രക്ഷോഭം നേരിടേണ്ടി വരും. മർദ്ദനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് തിരുവനന്തപുരത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. കേരളത്തിലെ പ്രക്ഷോഭങ്ങളെ പൊലീസ് രാജ് ഉപയോഗിച്ച് നേരിടാനാണ് ശ്രമിക്കുന്നത്. വിദ്യാർത്ഥികളെ ഇറക്കി വിട്ടതല്ല, അവരെ ഇളക്കി വിട്ടതാരാണ്. വന്ദേമാതാരത്തെ യുഡിഎഫ് സർക്കാർ പൂർണമായും അംഗീകരിക്കുന്ന കാഴ്‌ചയാണ് കാണുന്നത്. കേരള സർവകലാശാലയിലും വന്ദേമാതരം പൂർണമായി ചൊല്ലി. ഇത്തരം വിഷയങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കണ്ടേ?. അവർ വിദ്യാർത്ഥികളല്ലേ ‘- പിണറായി വിജയൻ ചോദിച്ചു.


