NEWS
ചോദ്യശരങ്ങളേറ്റ് മെറ്റ പ്രതിനിധികൾ, മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമം; ഖേദപ്രകടനം പകരമാവില്ലെന്ന് പാർലമെന്ററി സമിതി

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ ഫെയ്സ്ബുക്കിൽനിന്നു നീക്കം ചെയ്ത സംഭവത്തിൽ പാർലമെന്ററി സമിതിക്കു മുന്നിൽ മെറ്റ പ്രതിനിധികൾ നേരിട്ടതു കടുത്ത ചോദ്യശരങ്ങൾ. ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ മാപ്പപേക്ഷയോ ഖേദപ്രകടനമോ മാത്രം പകരമാവില്ലെന്നും വീഴ്ചയുടെ ഉത്തരവാദിത്തം കണ്ടെത്തുകയും നിയമനടപടി സ്വീകരിക്കുകയും വേണമെന്നും പാർലമെന്ററി സമിതി യോഗത്തിൽ ആവശ്യമുയർന്നു. ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടിയുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കൾക്ക് ഉറപ്പുനൽകുന്ന വിഡിയോയാണ് പ്ലാറ്റ്‌ഫോമിൽനിന്നു നീക്കം ചെയ്യപ്പെട്ടത്.സമൂഹമാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയുടെ അധ്യക്ഷതയിലുള്ള ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഗൂഗിൾ, മെറ്റ, യൂട്യൂബ് പ്രതിനിധികളുമായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഐടി മന്ത്രാലയം ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയത്. ‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ എന്തുകൊണ്ടാണു നീക്കം ചെയ്തത്, ഇതിന്റെ ഉത്തരവാദിത്തം ആർക്കാണ്, ആക്ഷേപകരമായ മറ്റു നിരവധി ഉള്ളടക്കങ്ങൾ ഫെയ്സ്ബുക് നീക്കം ചെയ്യാതിരുന്ന സമയത്ത് പ്രധാനമന്ത്രിയുടെ വിഡിയോ ആരാണ് പ്ലാറ്റ്‌ഫോമിൽനിന്നു മാറ്റിയത്, രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വിഡിയോ പോലും ഇത്തരത്തിൽ പെട്ടെന്നു നീക്കം ചെയ്യാൻ കഴിയുമെങ്കിൽ ഇന്ത്യയിലെ സാധാരണക്കാരായ സമൂഹമാധ്യമ ഉപയോക്താക്കൾക്ക് എന്തൊക്കെ സുരക്ഷയാണു ലഭ്യമായിട്ടുള്ളത്’’ – എന്നീ ചോദ്യങ്ങൾ യോഗത്തിൽ പങ്കെടുത്ത മുതിർന്ന ബിജെപി എംപി മെറ്റ പ്രതിനിധികളോടു ചോദിച്ചതായാണ് റിപ്പോർട്ട്. കേവലം ഒരു മാപ്പപേക്ഷയിൽ ഒതുക്കേണ്ട വിഷയമല്ലെന്നും നിയമനടപടികൾ സ്വീകരിക്കണമെന്നും എംപി പറഞ്ഞു.
Fashion ⏭️


