NEWS

അന്നു ‘മുഖ്യമന്ത്രി’ നോക്കിയിട്ട് നടന്നില്ല, ഇനി പ്രതിപക്ഷ നേതാവ് ഒരു കൈ നോക്കണേ…; പ്രതിപക്ഷ നേതാവിന്റെ മറുപടി ഇങ്ങനെ..


പാലക്കാട് ∙ മുഖ്യമന്ത്രിയെന്ന നിലയിൽ തനിക്കു നൽകിയ വാഗ്ദാനം പാലിച്ചില്ല. ഇനി പ്രതിപക്ഷ നേതാവ് എന്ന രീതിയിൽ തന്റെ നിവേദനം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയനു നിവേദനം നൽകി പൊതുപ്രവർത്തകൻ. പാലക്കാട് തത്തമംഗലം പുത്തൻകളം നീളിക്കാട് ചന്ദ്രൻചാമിയാണ് പരാതിക്കാരൻ. രോഗികളെ ശുശ്രൂഷിക്കുന്ന ഹോംനഴ്സുമാർ ഉൾപ്പെടെയുള്ള ഗാർഹികത്തൊഴിലാളികൾക്കു പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ചന്ദ്രൻ നിവേദനം നൽകിയിരുന്നു. നിവേദനം ഡിജിപിക്കു കൈമാറിയെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ചന്ദ്രനു മറുപടി നൽകി. ജില്ലാ പൊലീസ് മേധാവികളോട് ഈ വിഷയത്തിൽ അഭിപ്രായം തേടിയെങ്കിലും തുടർനടപടി ഉണ്ടായില്ല. ഭരണം മാറിയതോടെയാണു പഴയ വാഗ്ദാനം പാലിക്കാൻ പ്രതിപക്ഷ നേതാവ് എന്ന രീതിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ചന്ദ്രൻ നിവേദനം നൽകിയത്. അതേസമയം താങ്കളുടെ പരാതി ‘മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്’ എന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് ചന്ദ്രൻചാമിക്കു മറുപടി നൽകിയിരിക്കുന്നത്.


Fashion ⏭️

Back to top button