NEWS

മലേഷ്യൻ പ്രധാനമന്ത്രി കാരന്തൂർ മർകസിൽ; കാന്തപുരവുമായി കൂടിക്കാഴ്ച, ഉജ്വല സ്വീകരണം


കോഴിക്കോട് ∙ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരെ സന്ദർശിക്കാൻ കാരന്തൂർ മർകസിൽ എത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് ഉജ്വല സ്വീകരണം. അഞ്ചുദിവസത്തെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം കോഴിക്കോട് എത്തിയത്.കരിപ്പൂർ വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രിയെ മന്ത്രി ടി.സിദ്ദീഖിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹ, ഇ.ടി.മുഹമ്മദ് ബഷീർ എംപി, എംഎൽഎമാരായ ടി.പി.അഷ്റഫ് അലി, ഇ.വി.ഇബ്രാഹിം, ജില്ലാ കലക്ടർ ഡോ.വിനയ് ഗോയൽ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ, വിജയകുമാർ ഐഎഫ്എസ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ ബി.എസ്.അരവിന്ദ് തുടങ്ങിയവരും വിമാനത്താവളത്തിലെ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.ഇത് രണ്ടാം തവണയാണ് അൻവർ ഇബ്രാഹിം ഗ്രാൻഡ് മുഫ്തിയെ സന്ദർശിക്കാൻ കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാവുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ് 2022 സെപ്റ്റംബറിലായിരുന്നു ആദ്യ മർകസ് സന്ദർശനം. 2023ൽ മതപണ്ഡിതർക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം മലേഷ്യൻ സർക്കാർ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു. കാന്തപുരത്തിന്റെ ആറു പതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപനത്തിന് ആദരസൂചകമായി മലേഷ്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ 2023, 2024, 2025 വർഷങ്ങളിൽ ക്വാലലംപുരിൽ ഗ്രാൻഡ് മുഫ്തിയുടെ നേതൃത്വത്തിൽ രാജ്യാന്തര ഹദീസ് പാരായണ സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു.


Fashion ⏭️

Back to top button