NEWS
ട്രംപിനെ ദേഷ്യം പിടിപ്പിക്കാൻ ഈ ബ്രിക്സ് ധാരാളം; ഇന്ത്യൻ നയതന്ത്ര അദ്ഭുതമായി ‘ന്യൂഡൽഹി ഡിക്ലറേഷൻ’

ന്യൂഡൽഹി ∙ പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി അവസാനിക്കുമ്പോൾ, സംയുക്ത പ്രസ്താവനയിൽ സമവായം കണ്ടെത്താനായി എന്ന നേട്ടത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് അഭിമാനിക്കാം. ഉച്ചകോടിയുടെ ആദ്യദിനം തന്നെ 11 അംഗരാജ്യങ്ങളും ഏകകണ്ഠേന അംഗീകരിച്ച, ‘ന്യൂഡൽഹി ഡിക്ലറേഷൻ’ എന്നു പേരിട്ട സംയുക്ത പ്രസ്താവന ലോകത്തിനു മുന്നിൽ വയ്ക്കാൻ ഇന്ത്യയ്ക്കായി. ഇക്കൊല്ലം മേയിൽ നടന്ന, ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം സംയുക്ത പ്രഖ്യാപനത്തിലെത്താനാകാതെ പിരിഞ്ഞതിനുശേഷം ഇത് സംഭവിച്ചുവെന്നത് ഇന്ത്യൻ നയതന്ത്രത്തിന്റെ പ്രധാന വിജയമായി ചൂണ്ടിക്കാട്ടാം.പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് സമവായത്തിലെത്താൻ കഴിയാതിരുന്നതിനാലാണ് അന്നു സംയുക്ത പ്രഖ്യാപനം സാധ്യമാകാതിരുന്നത്. അംഗരാജ്യങ്ങളായ ഇറാനും യുഎഇയും അന്ന് വിരുദ്ധധ്രുവങ്ങളിലുറച്ചു നിന്നു. യുഎസ്–ഇസ്രയേൽ ആക്രമണങ്ങളെ അപലപിക്കണമെന്ന് ഇറാൻ വാദിച്ചപ്പോൾ, ഇറാന്റെ പക്ഷം പിടിച്ചുള്ള പ്രസ്താവന അനുവദിക്കില്ലെന്നായിരുന്നു യുഎഇ പ്രതികരിച്ചത്. ഇതേ അവസ്ഥ ബ്രിക്സ് ഉച്ചകോടിയിലും ഉണ്ടാകാനുള്ള സാധ്യത നിലനിന്നിരുന്നു. ഈ വെല്ലുവിളിയെ അതിജീവിക്കാനായി എന്നതു തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.മേയിൽ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്കു ശേഷം ഇന്ത്യ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ‘പശ്ചിമേഷ്യ യുദ്ധ വിഷയത്തിൽ അംഗരാജ്യങ്ങൾക്കിടയിൽ ഭിന്ന അഭിപ്രായങ്ങളുണ്ട്’ എന്ന് വ്യക്തമാക്കിയിരുന്നു. ഇത്തവണ ഈ ഭാഗം ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പം, ഇറാൻ യുദ്ധത്തിൽ മാത്രം ഉച്ചകോടിയുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടാതെ, ബ്രിക്സ് രാജ്യങ്ങളുടെ പൊതുവായ പ്രശ്നങ്ങളിലേക്കു കൂടി ശ്രദ്ധ ക്ഷണിക്കാനുള്ള നീക്കവും ഇന്ത്യ നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഐക്യരാഷ്ട്ര സംഘടന, ഐഎംഎഫ് ഉൾപ്പെടെയുള്ള രാജ്യാന്തര ഫോറങ്ങളുടെ നവീകരണം, ഡോളറിന് ബദൽ, തീരുവ ഭീഷണി, പഹൽഗാം ഭീകരാക്രമണം, ഗാസ, ഊർജ സുരക്ഷ, എഐ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ 140 ഖണ്ഡികകളിലായി പ്രഖ്യാപനത്തിൽ പറയുന്നു. ഉച്ചകോടിക്കു മുൻപായി നാനൂറോളം യോഗങ്ങളും ചർച്ചകളും നടത്തി മികച്ച ഗ്രൗണ്ട് വർക്ക് സാധ്യമാക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.
Fashion ⏭️


