SPORTS
ഹാർദിക്കിനെ കിട്ടാൻ വേണമെങ്കിൽ സ്വന്തം ക്യാപ്റ്റനെ തരാം, ഒപ്പം മറ്റൊരു യുവതാരത്തെയും: പുതിയ ടീം രംഗത്ത്; ചെന്നൈ പിന്മാറുന്നു?

മുംബൈ ∙ ഐപിഎൽ സീസൺ തുടങ്ങാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ഐപിഎലിലെ കൈമാറ്റ ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയം. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീം വിടുമെന്ന അഭ്യൂഹമാണ് ഇതിൽ പ്രധാനം. ഹാർദിക്കിനെ ടീമിലത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമിക്കുന്നതായും ഇരു ഫ്രാഞ്ചൈസികളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണെന്നും കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഹാർദിക്കിനു വേണ്ടി ഇപ്പോൾ മറ്റൊരു ഫ്രഞ്ചൈസി കൂടി രംഗത്തെത്തിയിരിക്കുകയാണെന്നാണ് പുതിയ വിവരം. ഡൽഹി ക്യാപിറ്റൽസാണ് ഹാർദിക്കിനു വേണ്ടി ശ്രമം നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഹാർദിക് പാണ്ഡ്യയ്ക്ക് പകരമായി തങ്ങളുടെ ക്യാപ്റ്റൻ അക്ഷർ പട്ടേലിനെയും പൃഥ്വി ഷായെയും ട്രേഡ് വിൻഡോയിലൂടെ നൽകാൻ ഡൽഹി ക്യാപിറ്റൽസ് തയാറാണ്. ഹാർദിക്കിന്റെ വരവ് ടീമിന് ഒരു മികച്ച ഓൾറൗണ്ടറെ നൽകുന്നതിനൊപ്പം ക്യാപ്റ്റൻസി പാനലിന് കൂടുതൽ കരുത്താകുമെന്നും ഡൽഹി കരുതുന്നു. ഈ ട്രേഡ് മുംബൈ ഇന്ത്യൻസിനും മികച്ചതാണെന്നാണ് വിലയിരുത്തൽ. ക്രുനാൽ പാണ്ഡ്യ ടീം വിട്ടതിനുശേഷം മികച്ചൊരു സ്പിൻ ബോളിങ് ഓൾറൗണ്ടറെ മുംബൈ തിരയുകയായിരുന്നു. അക്ഷർ പട്ടേൽ ഈ സ്ലോട്ടിൽ കൃത്യമായി ഇണങ്ങുന്ന താരം മാത്രമല്ല, ലോവർ ഓർഡറിൽ വിശ്വസിക്കാവുന്ന ഒരു ബാറ്റർ കൂടിയാണ്.പകരം, കഴിഞ്ഞ സീസണിൽ കളിച്ച യുവതാരം സമീർ റിസ്‌വിയെ ഡൽഹി ക്യാപിറ്റൽസിൽ നിന്നും വിട്ടുനൽകാൻ മുംബൈ ആവശ്യപ്പെട്ടേക്കാം. ടൂർണമെന്റിലെ 9 മത്സരങ്ങളിൽ നിന്ന് 252 റൺസ് അടിച്ചുകൂട്ടിയ റിസ്‌വി തിളങ്ങിയിരുന്നു. ഡൽഹിക്കൊപ്പം ചെന്നൈ സൂപ്പർ കിങ്സും ഹാർദിക് പാണ്ഡ്യയ്ക്കായി മുംബൈ ഇന്ത്യൻസുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഹാർദിക്കിന് പകരമായി ശിവം ദുബെ, ആയുഷ് മാത്രെ എന്നിവരെയും ഒപ്പം വലിയൊരു തുകയും മുംബൈ ആവശ്യപ്പെട്ടതോടെ ഈ നീക്കം പ്രതിസന്ധിയിലായി. മാത്രെയ്ക്കു പകരം ഡെവാൾഡ് ബ്രവിസിനെ നൽകാമെന്നാണ് ചെന്നൈയുടെ നിലപാട്. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
Auto ⏭️


