NEWS
വോട്ടർപട്ടികയിൽ കടന്നുകൂടാൻ ശ്രമിച്ച് 3 അഫ്ഗാൻ പൗരന്മാർ; അന്വേഷണം

റാഞ്ചി ∙ ജാർഖണ്ഡിലെ വോട്ടർപട്ടികയിൽ കടന്നുകൂടാൻ 3 അഫ്ഗാനിസ്ഥാൻ പൗരന്മാർ ശ്രമിച്ചതായി കണ്ടെത്തി. ജംഷഡ്പുർ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ കരട് പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് വെളിപ്പെടുത്തൽ. ഇതേപ്പറ്റി ഈസ്റ്റ് സിങ്ഭൂം ജില്ലാ വരണാധികാരി രാജീവ് രഞ്ജന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം ആരംഭിച്ചു. ഇവർക്ക് ഇന്ത്യൻ പാസ്പോർട്ട് കിട്ടിയത് എങ്ങനെയെന്ന കാര്യവും അന്വേഷിക്കും. ജാർഖണ്ഡിൽ എസ്ഐആറിനെ തുടർന്ന് 43.61 ലക്ഷം പേരുകളാണ് ഒഴിവാക്കിയത്. 2.21 കോടി വോട്ടർമാരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ജംഷഡ്പുർ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ 286 ാം നമ്പർ പോളിങ് സ്റ്റേഷനിലെ വോട്ടർപട്ടികയിലാണ് മൂന്ന് അഫ്ഗാൻ പൗരന്മാരുടെ പേരുകൾ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരുടെ പേരുകൾ 30, 31, 33 എന്നീ ക്രമനമ്പറുകളിൽ ഉൾപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും, വിഷയം വിശദമായി അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു.
Fashion ⏭️


