NEWS
അധ്യാപകൻ ചൂരൽ കൊണ്ട് അടിച്ചു; അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു, ആശുപത്രിയിലെത്തിച്ചില്ല

കൽപകഞ്ചേരി (മലപ്പുറം) ∙ അധ്യാപകൻ ചൂരൽകൊണ്ട് അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടി. കല്ലിങ്ങൽ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകൾ ശ്രിയയ്ക്കാണ് (10) പരുക്കേറ്റത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപകൻ ബെൽരാജ് ചൂരൽകൊണ്ട് അടിക്കുകയായിരുന്നെന്നു വിദ്യാർഥിനിയുടെ കുടുംബം പരാതിപ്പെട്ടു. പനി ബാധിച്ചു മൂന്നുദിവസം അവധിയെടുത്ത ശേഷം ഇന്നലെ സ്കൂളിലെത്തിയ കുട്ടി കഴിഞ്ഞദിവസത്തെ പാഠഭാഗങ്ങൾ സഹപാഠിയുടെ നോട്ട്ബുക്ക് നോക്കി എഴുതിയെടുക്കുമ്പോൾ, പിറകിലൂടെ എത്തിയ അധ്യാപകൻ വലതു കൈപ്പത്തിയിൽ അടിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. കയ്യിൽ നീരുവന്നു ഭക്ഷണം കഴിക്കാൻപോലുമാകാതെ കുട്ടി കരഞ്ഞതോടെ ക്ലാസ് ടീച്ചർ വീട്ടിൽ വിവരമറിയിച്ചു. ആശുപത്രിയിൽ കൊണ്ടുപോകാതെ, അധ്യാപകർതന്നെ പിന്നീട് കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു.
Source link


