കപ്പിൽ വിടരും കുഞ്ഞൻ താമര, വെറൈറ്റി താമരകളുമായി ഗണേഷ് കുമാർ

കൊച്ചി: രണ്ടിഞ്ച് വലിപ്പമുള്ള കപ്പിൽ വളരുന്ന ഇത്തിരിക്കുഞ്ഞൻ താമര, 600 മുതൽ ആയിരത്തിനു മുകളിൽ ഇതളുകളുള്ള സഹസ്രദള താമര, പാമ്പിന്റെ പത്തിപോലെ ഇതളുകളുള്ള ‘വാസുകി’, എട്ടടി പൊക്കത്തിൽ പൂക്കളുള്ള ‘അഖില’.. വ്യത്യസ്ത നിറങ്ങളും സുഗന്ധവും വലിപ്പവുമുള്ള പുതിയ 25 ഇനം താമരകൾ വിരിയിച്ച് എറണാകുളം മുളന്തുരുത്തി പെരുമ്പിള്ളിയിലെ ഗണേഷ് കുമാർ. അപൂർവയിനം താമരകളുടെ വിത്തുകളിൽ നിന്ന് ക്രോസ് ബ്രീഡിംഗിലൂടെ എട്ടുവർഷം കൊണ്ടാണ് താമരകളുടെ വെറൈറ്റി സൃഷ്ടിച്ചത്.
42കാരനായ ഗണേഷിന്റെ സംഭവനകളെക്കുറിച്ച് ബ്രിട്ടനിലെ റോയൽ ഹോർട്ടികൾച്ചർ സൊസൈറ്റി അടുത്തിടെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. യു.എസിലെ ഇന്റർനാഷണൽ ലോട്ടസ് രജിസ്ട്രിയിൽ ഇടം നേടിയ ആദ്യ ഇന്ത്യക്കാരനുമാണ്. റബർബോർഡ് ജീവനക്കാരനായി 24ാം വയസിൽ ത്രിപുരയിലെത്തിയ ഗണേഷ് പത്തുവർഷത്തിനുശേഷം കേരളത്തിലേക്കു മടങ്ങിയത് താമരകളുടെ രഹസ്യങ്ങളുമായാണ്. ഓരോന്നായി പരീക്ഷിച്ചപ്പോൾ വിടർന്നത് അപൂർവയിനം താമരകൾ. ഒരു താമര ഇനത്തിന് സ്വന്തം അമ്മയുടെ പേരുതന്നെ നൽകി- അലമേലു.
എൻവയോൺമെന്റൽ സയൻസിൽ ബിരുദാനന്തര ബിരുദമുള്ള ഗണേഷിന്റെ താമരകളെക്കുറിച്ചുള്ള അന്വേഷണമെത്തിയത് ചൈനയിലെ ഷാങ്ഹായ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിക്കൽ സയൻസസിലെ ഗവേഷകൻ ഡോ.ഡെയ്കട്ട്യാനിൽ. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് ചൈനയിലെത്തിയപ്പോഴാണ് സഹസ്രദള താമരയടക്കമുള്ളവയെ പരിചയപ്പെട്ടത്. ചൈനയിൽ 2500ലേറെ താമരയിനങ്ങളുണ്ട്. സുഹൃത്ത് വി.ആർ.അഭിലാഷുമായി ചേർന്നാണ് വീട്ടുവളപ്പിൽ പരീക്ഷണത്തോട്ടം ഒരുക്കിയത്.




