NEWS

കരുവാറ്റ കൊലപാതകം: പെൺകുട്ടി ഒന്നാം പ്രതിയായേക്കും

ആലപ്പുഴ: സ്വർണവും പണവും കവരാൻ കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ എട്ടാം ക്ളാസുകാരി ഒന്നാം പ്രതിയായേക്കും. നിലവിൽ നാലാം പ്രതിയാണ്. കരുവാറ്റയിൽ വാടകയ്ക്കു താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് (67) ആഗസ്റ്ര് 15ന് രാത്രി കൊല്ലപ്പെട്ടത്.

പെൺകുട്ടിയുടെ കാമുകനും കൊല്ലം പരവൂർ സ്വദേശിയായ 17കാരനാണ് നിലവിൽ ഒന്നാം പ്രതി. മുഖ്യ ആസൂത്രകയെന്ന നിലയിലാണ് പെൺകുട്ടിയെ ഒന്നാം പ്രതിയാക്കാനുള്ള സാദ്ധ്യത അന്വേഷണ സംഘം ആരായുന്നത്. പതിനേഴുകാരന്റെ രണ്ട് സുഹൃത്തുക്കളാണ് രണ്ടും മൂന്നും പ്രതികൾ.

കുട്ടിക്കുറ്റവാളികളിൽ ഒരാളെ മാപ്പ് സാക്ഷിയാക്കുവാനും പൊലീസ് ആലോചിക്കുന്നുണ്ട്.

പെൺകുട്ടിയുടെ നിർദ്ദേശാപ്രകാരമാണ് കാമുകനും സുഹൃത്തുക്കളും ചേർന്ന് കൃത്യം നടത്തിയത്. ഹരിപ്പാട് സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം ഉടൻ സമർപ്പിക്കും. പ്രതികളായ ആൺകുട്ടികൾക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകിയിരുന്നു. പെൺകുട്ടിയെ ഏറ്റെടുക്കാൻ വീട്ടുകാരോ ബന്ധുക്കളോ എത്തിയില്ല. തുടർന്ന് ചൈൽഡ് ലൈൻ ഒബ്സർവേഷൻ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.

Read News ⏭️

Back to top button