NEWS

നാട്ടുകാർക്കൊപ്പം ശുചീകരണത്തിനിറങ്ങി; രണ്ടാംക്ലാസ് വിദ്യാർഥിനി കുളത്തിൽവീണ് മരിച്ചു


കൂത്തുപറമ്പ് ∙ നാട്ടുകാർക്കൊപ്പം ശുചീകരണത്തിനിറങ്ങിയ രണ്ടാംക്ലാസ് വിദ്യാർഥിനിക്ക് പൊതുകുളത്തിൽവീണ് ദാരുണാന്ത്യം. പാനുണ്ട യുപി സ്കൂൾ വിദ്യാർഥിനി എൻ.മിർസയാണ് (7) മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം. ക്ലീൻ ഗ്രീൻ പാനുണ്ട കൂട്ടായ്മ നടത്തുന്ന ശുചീകരണപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മിർസ ഇന്നലെ രാവിലെ ആറരയ്ക്കാണ് ശുചീകരണത്തിനു പോയത്. എല്ലാ ഞായറാഴ്ചകളിലുമുള്ള ശുചീകരണത്തിൽ മുടങ്ങാതെ പങ്കെടുക്കാറുണ്ട്. മറ്റൊരു കുട്ടിയാണ് വെള്ളത്തിൽ കമഴ്ന്നു കിടക്കുന്നനിലയിൽ മിർസയെ കണ്ടത്. ഉടൻ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളത്തിന്റെ പടവിൽ മിർസയുടെ ഹെയർ ബാൻഡ് കണ്ടെത്തി.ഇരിട്ടിയിലെ ടെയ്‌ലറിങ് ഷോപ്പ് ജീവനക്കാരൻ, എരുവട്ടി പാനുണ്ട സോഷ്യൽ എജ്യുക്കേഷൻ ലൈബ്രറിക്കു സമീപത്തെ നെല്ലിക്ക രഞ്ജിത്തിന്റെയും മഫീദയുടെയും മകളാണ്. സഹോദരൻ: അഷിദ്. സംസ്കാരം നടത്തി.


Fashion ⏭️

Back to top button