NEWS

എസ്എംഎ രോഗികള്‍ക്കുള്ള മരുന്ന്: മാനദണ്ഡങ്ങൾ പാലിച്ചെന്ന് നാറ്റ്കോ; ‘ട്രയൽ ഒൺലി’ എഴുതിയത് സൗജന്യമായി നൽകുന്ന കുപ്പിയിൽ


തിരുവനന്തപുരം∙ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗികള്‍ക്കുള്ള നാറ്റ്‌സ്മാര്‍ട്ട് (റിസ്ഡിപ്ലാം) എന്ന മരുന്ന് എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് ബന്ധപ്പെട്ട അധികൃതരില്‍നിന്ന് അംഗീകാരം നേടിയാണു വിപണിയില്‍ എത്തിച്ചതെന്ന് നിര്‍മാതാക്കളായ നാറ്റ്‌കോ ഫാര്‍മ. കേരള സര്‍ക്കാരിന്റെ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്താണ് മരുന്നു വിതരണം ചെയ്യുന്നത്. മൂന്ന് കുപ്പി മരുന്നു വാങ്ങുമ്പോള്‍ ‘പേഷ്യന്റ് അസിസ്റ്റന്‍സ് പ്രോഗ്രാ,’ പ്രകാരം ഒരെണ്ണം സൗജന്യമായി നല്‍കാമെന്നാണു കരാര്‍. ഇതോടെ ഒരു കുപ്പിക്ക് 8000 രൂപയേ വിലവരികയുള്ളു. ഇത്തരത്തില്‍ സൗജന്യമായി നല്‍കുന്ന കുപ്പികളിലാണ് ‘ഫിസിഷ്യന്‍സ് സാംപിള്‍, ക്ലിനിക്കല്‍ ട്രയല്‍ ഒണ്‍ലി’ എന്ന് എഴുതിയിരുന്നത്. അല്ലാതെ മരുന്ന് ക്ലിനിക്കല്‍ ട്രയലിനുള്ളതല്ലെന്നും കമ്പനി വിശദീകരിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ആയിരക്കണക്കിനു രോഗികള്‍ക്കാണ് ഈ മരുന്നു പ്രയോജനപ്പെട്ടത്. ഇഎസ്‌ഐ പോലെയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രികളും വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളും മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. പ്രമുഖ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് 150 രോഗികള്‍ക്കു മരുന്നു നല്‍കിയതിന്റെ ക്ലിനിക്കല്‍ അനുഭവം രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.


Fashion ⏭️

Back to top button