NEWS
കൽപറ്റ ടൗൺഷിപ്പ്: ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ 31ന് നറുക്കെടുപ്പ്; നവംബറിൽ വീടുകൾ കൈമാറും

കൽപറ്റ ∙ ടൗൺഷിപ്പിൽ നിർമിക്കുന്ന രണ്ടാംഘട്ട വീടുകളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ഈ മാസം 31ന് നറുക്കെടുപ്പ് നടക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മേപ്പാടി എംഎസ്‌എ ഓഡിറ്റോറിയത്തിലാണ്149 ഗുണഭോക്താക്കൾക്കായുള്ള നറുക്കെടുപ്പ് നടക്കുക. നവംബറിൽ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറും വിധത്തിൽ ടൗൺഷിപ്പിലെ പ്രവൃത്തികൾ പൂർത്തിയാക്കാനും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡിഡിഎംഎ കോ- ചെയർപഴ്സൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് (അഡ്രസ് മാറ്റം), വൈദ്യുതി, കുടിവെള്ള കണക്‌ഷനുകൾ വീട് കൈമാറുമ്പോൾ തന്നെ നൽകാനുള്ള നടപടികൾ ദ്രുത ഗതിയിൽ പുരോഗമിക്കുകയാണന്ന് ജില്ലാ കലക്ടർ വി. ചെൽസാസിനി യോഗത്തിൽ അറിയിച്ചു. സോൺ ഒന്നിൽ 23 വീടുകളും സോൺ മൂന്നിൽ ആറ് വീടുകളും സോൺ നാലിൽ 14 വീടുകളും സോൺ അഞ്ചിൽ 106 വീടുകളുമാണ് രണ്ടാം ഘട്ടത്തിൽ കൈമാറുന്നത്.വീടുകളുടെ രണ്ടാംഘട്ട വിതരണ നടപടികൾ പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിലെ ആകെ വീടുകളുടെ എണ്ണം 327 ആകും. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം കെ. അജീഷ്, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഇ.ടി. രാകേഷ്, ഡപ്യൂട്ടി കലക്ടർ കെ.മനോജ് കുമാർ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ തുടങ്ങിയവർ പങ്കെടുത്തു.
Fashion ⏭️



