NEWS

‘അച്ഛനെ സന്തോഷത്തോടെ നോക്കണമെന്ന് കരുതിയതാ…’; ചിത കത്തുമ്പോൾ പ്രതിഷേധം, വിതുമ്പി മകൾ


കൊച്ചി ∙ ‘ജോലി വാങ്ങി അച്ഛനെ ഒരു ദിവസമെങ്കിലും സന്തോഷത്തോടെ നോക്കണമെന്ന് കരുതിയതാ. ഒരുപാട് അസുഖങ്ങൾക്കിടയിലും അച്ഛൻ ഞങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചത്. ഇനി ഞങ്ങൾ ആർക്കുവേണ്ടി ജീവിക്കണം. തട്ടുകടക്കാരനായത് കൊണ്ടല്ലേ പൊലീസ് ഞങ്ങളോട് ഇങ്ങനെ കാണിക്കുന്നത്…’– ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഇത് പറയുമ്പോൾ വിതുമ്പി. പിതാവിന്റെ ചിത കത്തിത്തീരും മുൻപാണ് നീതി തേടി തങ്ങൾക്ക് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കേണ്ടി വന്നതെന്നും ഭദ്രകീർത്തിയും മകൻ ഭാഗ്യ ദർശനും പറയുന്നു. അപകടമുണ്ടായി 32 മണിക്കൂർ പിന്നിട്ടപ്പോഴാണ് പ്രായപൂർത്തിയാകാത്ത പ്രതിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തത്. നെടുമ്പാശേരിയിൽ ഈ മാസം 11ന് 3 പേർ കൊല്ലപ്പെട്ട അപകടത്തിനു ശേഷം പൊലീസിനു വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നിരുന്നു. അതേ വീഴ്ചകൾ തന്നെ ചേരാനല്ലൂർ കേസിലും പൊലീസിനെതിരെ ഉയർന്നിട്ടുണ്ട്.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കർശന നിർദേശം നൽകിയതിനു പിന്നാലെ 17 വയസ്സുകാരനെതിരെ കൊലപാതകത്തിനു തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ വകുപ്പുകൂടി ചുമത്തി. അമിതവേഗം, ലൈസൻസില്ലാതെ വാഹനമോടിച്ചു തുടങ്ങിയ വകുപ്പുകളും ഇതിനൊപ്പം ചുമത്തി. കാറോടിച്ചത് 104 കിലോമീറ്റർ വേഗത്തിലാണെന്ന് െതളിയിക്കുന്ന ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ നിന്നും പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച 17കാരനെ പിടികൂടാതെ പിരിഞ്ഞു പോകില്ലെന്ന് നിലപാടെടുത്ത് കുടുംബം സ്റ്റേഷനു മുന്നിൽ സമരം നടത്തി. ഇതിനിടെ, 17കാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കി. പുലർച്ചെ ഒരു മണിയോടെ ബോർഡ് 17കാരന് ജാമ്യം അനുവദിച്ചു. ബന്ധുക്കളുമായും രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായും പൊലീസ് നടത്തിയ ചർച്ചക്കൊടുവിലാണ് പ്രതിഷേധം താൽക്കാലികമായി അവസാനിച്ചത്.  


Fashion ⏭️

Back to top button