NEWS
ആറുമാസത്തിനിടെ 11 കേസുകളിൽ 23 പേർക്ക് വധശിക്ഷ; ജഡ്ജിക്ക് കുടുംബകോടതിയിലേക്ക് സ്ഥലംമാറ്റം

ലക്നൗ∙ ആറുമാസത്തിനിടെ 23 പേർക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് കുടുംബകോടതിയിലേക്ക് സ്ഥലംമാറ്റം. മുസാഫർ നഗർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ‍്ജിയായിരുന്ന രവികുമാർ ദിവാകറിനെയാണ് അലഹാബാദ് ഹൈക്കോടതി മുസാഫർനഗർ കുടുംബകോടതിയിലേക്ക് സ്ഥലംമാറ്റിയത്. അതിവേഗ കോടതിയിലെ ജഡ്ജിയായിരുന്ന രവികുമാറിനെ കുടുംബകോടതി അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജിയായാണ് നിയമിച്ചത്. പകരം ശിവകുമാരി അതിവേഗ കോടതി ജഡ്ജിയാകും.ഇക്കൊല്ലം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 11 കേസുകളിലായി 23 പേർക്കാണ് രവി കുമാർ ദിവാകർ വധശിക്ഷ വിധിച്ചത്. ഓഗസ്റ്റിൽ, കൊലപാതകവും മറ്റ് ഗുരുതര കുറ്റകൃത്യങ്ങളുമുൾപ്പെടെ രവി കുമാറിന്റെ പരിഗണനയിലിരുന്ന 97 കേസുകൾ അന്നത്തെ ജില്ലാ സെഷൻസ് ജഡ്ജ് ബി.ജെ.സിങ്ങിന്റെ ഉത്തരവു പ്രകാരം മാറ്റിയിരുന്നു. ഇതിനെ വിമർശിച്ച് രവി കുമാർ രംഗത്തെത്തുകയും ചെയ്തു. പത്തു വർഷം പഴക്കമുള്ള നർകോട്ടിക് കേസിലെ പ്രതിയെ വിട്ടയച്ചു പുറപ്പെടുവിച്ച 35 പേജുള്ള വിധിയിൽ, പരിഗണിച്ചുകൊണ്ടിരിക്കുന്ന കേസുകൾ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ എടുത്തുമാറ്റിയ നടപടി നിയമവിരുദ്ധമാണെന്ന് എഴുതിച്ചേർത്താണ് രവികുമാർ പ്രതിഷേധിച്ചത്.
Fashion ⏭️




