NEWS

ചേരാനല്ലൂർ വാഹനാപകടം; 17കാരന് സ്റ്റേഷൻ ജാമ്യം,​ അറസ്റ്റുചെയ്യാതെ പിന്മാറില്ല,​ പൊലീസ് സ്റ്റേഷനു മുന്നിൽ കുടുംബത്തിന്റെ പ്രതിഷേധം

അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ

കൊച്ചി: ചേരാനല്ലൂരിൽ 55കാരന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഓടിച്ച 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധിച്ച് മരിച്ചയാളുടെ കുടുംബം. ചേരാനല്ലൂർ പൊലീസ് സ്റ്റേഷനു മുന്നിൽ കുടുംബം കുത്തിയിരിപ്പ് സമരം നടത്തി. അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനായതുകൊണ്ടാണോ പ്രതിക്ക് പ്രത്യേക പരിഗണന നൽകിയതെന്ന് കുടുംബാംഗങ്ങൾ ചോദിച്ചു. 17കാരനെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ഇവർ വ്യക്തമാക്കി.

അപകടസമയത്ത് കാർ അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതായാണ് വിവരം. മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ 17കാരന്റെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ചതായും റിപ്പോർട്ടുണ്ട്. അപകടത്തിനുപിന്നാലെ 17കാരനെ പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച നടപടിയാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്.

ആദ്യം ചുമത്തിയ കേസിലെ വകുപ്പുകൾ ദുർബലമാണെന്നും കുടുംബം ആരോപിക്കുന്നു. വാഹനം ഓടിച്ചിരുന്ന 17കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കാർ ഉടമയ്‌ക്കെതിരെയും കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. അപകടത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ പ്രതിയെ വിട്ടയച്ചത് എന്തിനാണെന്ന് കുടുംബാംഗങ്ങൾ ചോദിച്ചു. സംഭവത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുടുംബം റോഡിലിരുന്നും പ്രതിഷേധിച്ചു. പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് സംഘർഷാവസ്ഥയാണ്.

English Summary

The family of Jayabalakrishnan, who died in a fatal car accident in Cheranalloor, protested after the 17-year-old driver was released on station bail. They allege the driver, son of an Additional District Judge, received special treatment despite police finding the car was speeding at 104 km/h. Protesters demand the teen’s arrest and action against the car owner.

Read News ⏭️

Back to top button