NEWS

‘പ്രതി മൈനറെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം’: പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് ചേരാനെല്ലൂരിൽ അപകടത്തിൽ മരിച്ചയാളുടെ മക്കൾ


കൊച്ചി∙ ചേരാനെല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് മരിച്ച മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുന്നു. പ്രതിക്ക് ജാമ്യം നൽകിയ നടപടിക്കെതിരെയാണ് ജയബാലകൃഷ്ണന്റെ മക്കൾ പ്രതിഷേധിക്കുന്നത്. പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കണമെന്നും പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണമെന്നും ജയബാലകൃഷ്ണന്റെ മക്കൾ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് ജഡ്ജിയുടെ മകനാണ് പ്രതിയായ പതിനേഴുകാരൻ.‘ഞങ്ങളുടെ അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, അച്ഛന്റെ മൃതദേഹം കിട്ടുന്നതിനു മുൻപ് സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു. കാരണം ഞങ്ങളുടെ അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്. നിയമം ഇവിടെ രണ്ടു രീതിയിലാണോ? ഇത്രയും നേരെ പൊലീസ് സ്റ്റേഷനു മുന്നിൽ ഇരുന്നിട്ടും പൊലീസുകാർ ഒരക്ഷരം മിണ്ടുന്നില്ല. ഒരിക്കൽ അച്ഛനൊപ്പം ഒരു പരാതി നൽകാൻ ഈ സ്റ്റേഷനിൽ വന്നിട്ടുണ്ട്. അന്ന് എന്റെ അച്ഛനെ തെറി വിളിച്ചവരാണ് ഈ പൊലീസ് സ്റ്റേഷനിലുള്ളത്. ഇന്ന് അവർക്ക് മറുപടിയില്ല. നീ എന്നെ നിയമം പഠിപ്പിക്കരുതെന്നാണ് പ്രതിയുടെ അച്ഛനായ ജഡ്ജി പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും പകർത്താൻ ശ്രമിച്ച ബന്ധുക്കളുടെ ഫോൺ വാങ്ങി ചിത്രങ്ങൾ പൊലീസിനെക്കൊണ്ട് ഡിലീറ്റ് ചെയ്യിപ്പിച്ചു. നീതി കിട്ടാൻ ഏതറ്റം വരെയും പോലും’–ജയബാലകൃഷ്ണന്റെ മകൾ പറഞ്ഞു. 


Fashion ⏭️

Back to top button