NEWS
ട്രംപിനെ കാണാൻ നെതന്യാഹുവും സെലെൻസ്കിയും, ഇറാന് ബോംബിനേക്കാൾ ‘വലിയ വേദന’, വീണ്ടും ‘എഐ ഭൂതം’, സ്വർണവില കുത്തനെ ഇടിഞ്ഞു

പശ്ചിമേഷ്യൻ സംഘർഷത്തിന് താൽകാലിക ആശ്വാസമുണ്ടായിരിക്കെ വിപണികളെ ഉദ്വേഗത്തിലാക്കി യുഎസിൽ നിർണായക കൂടിക്കാഴ്ചകൾ. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയാണ് ഇതിലൊന്ന്. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്യുക. അവസാനം ഇരുനേതാക്കളും തമ്മിൽ കണ്ടതിനു ശേഷമാണ് ഇറാനിൽ സംയുക്ത ആക്രമണം നടത്താൻ തീരുമാനിച്ചത്. ഇതാണ് വിപണിയെ ആശങ്കയിലാഴ്ത്തുന്നത്.ഇറാനും യുക്രെയ്നും തമ്മിൽ പുതിയ തർക്കം ഉടലെടുത്തിരിക്കെ യുക്രെയ്ൻ പ്രസിഡന്റ് വ്ളാദ്മിർ സെലെൻസ്കി ട്രംപിനെ കാണുന്നതും നിക്ഷേപകർ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. ചരക്കുകപ്പലിനെ യുക്രെയ്ൻ ആക്രമിച്ചെന്നും ഇതിന് തിരിച്ചടി നൽകുമെന്നും ഇന്നലെ ഇറാൻ പറഞ്ഞിരുന്നു. അങ്ങനെയുണ്ടായാൽ യൂറോപ്യൻ രാജ്യങ്ങളും നിലവിലെ സംഘർഷത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള സാധ്യതയുണ്ട്.സൈനിക നടപടിയേക്കാൾ ഇറാന് പ്രഹരമേൽപ്പിക്കാൻ കഴിയുന്നത് സാമ്പത്തിക ഉപരോധമാണെന്ന് യുഎസ് നാവിക ഉപരോധം ഇറാനുമേൽ വലിയ സാമ്പത്തിക ആഘാതം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. എണ്ണസമ്പന്ന രാജ്യമാണെങ്കിലും ഇറാനിൽ പെട്രോൾ പ്രതിസന്ധിയുണ്ടാകുന്നത് ഇതിന്റെ ഉദാഹരണമാണെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസികൾ നൽകിയ റിപ്പോർട്ടിൽ പറയുന്നു. സൈനികർക്ക് ശമ്പളം നൽകാൻ പോലും ഇറാനിൽ പ്രതിസന്ധിയുണ്ട്. ഹോർമുസിലെ നിയന്ത്രണം വേണമെന്നും ഇതുവഴിയുള്ള കപ്പലുകളിൽ നിന്ന് ടോൾ പിരിക്കുമെന്നും ഇറാൻ ആവശ്യപ്പെടുന്നതിനു പിന്നിലെ പ്രധാന കാരണവും ഇതാണെന്നു യുഎസ് അധികൃതർ വിശ്വസിക്കുന്നു. ആക്രമണം നിർത്തുന്നതിനൊപ്പം യുഎസ് മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിരുന്നു.
Fashion ⏭️


