NEWS
വഴിയടച്ച് പാക്കിസ്ഥാൻ; ഇന്ത്യ-അഫ്ഗാൻ വ്യാപാരം ഇപ്പോൾ 3 രാജ്യങ്ങളിലൂടെ, കപ്പലുണ്ട്, ട്രെയിനുകളും, വിമാനവും വരും

പാക്കിസ്ഥാൻ അതിർത്തി അടച്ചതോടെ ഇന്ത്യയും അഫ്ഗാനും തമ്മിലെ വ്യാപാര ഇടപാടുകൾ നടക്കുന്നത് ഇപ്പോൾ പ്രധാനമായും മൂന്നു രാജ്യങ്ങൾ വഴി. നേരത്തേ പാക്കിസ്ഥാനിലൂടെ കടന്ന് വാഗ-അട്ടാരി അതിർത്തി വഴി ട്രക്കുകളിലാണ് ഇന്ത്യ-അഫ്ഗാൻ വ്യാപാരം നടന്നിരുന്നത്.പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക്കിസ്ഥാനുമായുള്ള വ്യാപാര ബന്ധം പൂർണമായും അവസാനിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷമുണ്ടായി. അതോടെ, പാക്ക്-അഫ്ഗാൻ അതിർത്തിയും അടഞ്ഞു. ആ സാഹചര്യത്തിലും ഇന്ത്യയിലേക്ക് വ്യോമമാർഗം ഉൽപന്നങ്ങൾ എത്തിക്കാൻ അഫ്ഗാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് വ്യോമഗതാഗതം താളംതെറ്റുകയും എണ്ണവില വർധനയെത്തുടർന്ന് വ്യോമയാന ഫീസ് നിരക്കുകൾ കുത്തനെ കൂടിയതും അഫ്ഗാനിസ്ഥാന് തിരിച്ചടിയായി. അതോടെയാണ് ഇപ്പോൾ ബദൽ മാർഗങ്ങൾ കണ്ടെത്തിയത്.പഴങ്ങൾ, ഉണക്കപ്പഴങ്ങൾ, കുങ്കുമപ്പൂവ്, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് അഫ്ഗാനിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. തിരികെ അഫ്ഗാനിലേക്ക് മരുന്നുകൾ, മെഷിനറികൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഇന്ത്യയും കയറ്റിഅയക്കുന്നു. 2024-25ൽ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക് അഫ്ഗാൻ 45.4 കോടി ഡോളറിന്റെ കയറ്റുമതി നടത്തിയിരുന്നു. അതിർത്തി പ്രശ്നങ്ങൾ നിലനിന്ന കഴിഞ്ഞവർഷം അത് വെറും 70 ലക്ഷം ഡോളറിന്റേതാണ്. ഇപ്പോൾ പൂർണമായും സ്തംഭിക്കുകയും ചെയ്തു.
Fashion ⏭️




