ബംഗ്ലാദേശ് വ്യോമസേന മുൻ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ: ഷെയ്ഖ് ഹസീനയുടെ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ആരോപണങ്ങൾ

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു എന്ന ആരോപണത്തെത്തുടർന്ന് വിവാദത്തിലായ വ്യോമസേന മുൻ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയെട്ടു വയസ്സുകാരനായ കെ.എം. തഹ്സിഫ് സൗരിയെയാണ് പുഴയിൽ മരിച്ച രീതിയിൽ കണ്ടെടുത്തത്. ചൊവ്വാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു.
കഴിഞ്ഞ വർഷം നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനൊടുവിൽ സൈനിക ഹെലികോപ്റ്ററിൽ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ തഹ്സിഫ് പുറത്തുവിട്ടിരുന്നു. എന്നാൽ, ഇദ്ദേഹം ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഏജന്റാണെന്ന തരത്തിൽ ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി അനുകൂല മാധ്യമമായ ‘അമർ ദേശ്’ തെറ്റായ പ്രചാരണം നടത്തുകയുണ്ടായി. ഇതിനു പിന്നാലെ തഹ്സിഫിനെ വ്യോമസേനയിൽ നിന്ന് പുറത്താക്കുകയും അദ്ദേഹത്തിന്റെ പാസ്പോർട്ട് കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ചില മാസങ്ങൾക്ക് മുമ്പ് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ പങ്കെടുത്ത തഹ്സിഫ്, അമർ ദേശ് പത്രത്തിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. തങ്ങൾക്കെതിരായ വാർത്തകൾക്ക് പിന്നിൽ ഒട്ടേറെ നിഗൂഢമായ കാരണങ്ങളുണ്ടെന്നും എന്നാൽ പല കാര്യങ്ങളും സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.



