NEWS

ആറുവരിപ്പാതകളിൽ ഏറ്റവും വലതുവശത്തെ ലെയ്ൻ എന്തിനാണെന്ന് അറിയാമോ? ഡ്രൈവർമാർ അറിയേണ്ടതെല്ലാം


സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും താൻ കാരണം ഒരപകടവും സംഭവിക്കരുതെന്നുള്ള ഉറച്ച ബോധ്യത്തോടെയായിരിക്കണം ഓരോരുത്തരും വാഹനങ്ങൾ ഉപയോഗിക്കേണ്ടതെന്ന് ട്രാഫിക് വിദഗ്ധനും സയന്റിസ്റ്റുമായ അരുൺ ചന്ദ്രൻ പറയുന്നു. റോഡപകടങ്ങൾക്ക് പല കാരണങ്ങൾ ഉണ്ടാവാമെങ്കിലും വാഹനങ്ങളുടെ അമിതവേഗം ഒരു ‘ക്രിട്ടിക്കൽ ഫാക്ടർ’ തന്നെയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. നല്ല നിലവാരത്തിലുള്ള പുതിയ റോഡ് സൗകര്യങ്ങൾ വരുമ്പോൾ ആദ്യഘട്ടത്തിൽ അപകടങ്ങൾ കൂടുതലായി ഉണ്ടാകാറുണ്ട്. ആളുകൾ ക്രമേണ ഇത്തരം ഇടങ്ങളുമായി പരിചയിക്കുന്നതോടെ അപകടങ്ങൾ കുറയുകയും ചെയ്യുന്നതാണ് പൊതുവേ കണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാറ്റ്പാക്കിൽ സയന്റിസ്റ്റായ അരുൺ ചന്ദ്രനുമായി നടത്തിയ സംഭാഷണത്തിൽനിന്ന്:റോഡ് അപകടങ്ങളുടെ പ്രധാന കാരണം വാഹനങ്ങളുടെ അമിത വേഗമാണോ ? ∙ അപകടങ്ങൾക്കെല്ലാം കാരണം അമിതവേഗം മാത്രമാണ് എന്ന് പറയാനാകില്ലെങ്കിലും ദേശീയപാതകളിലുണ്ടാകുന്ന അപകടങ്ങളിലെല്ലാം അമിത വേഗം ഒരു ക്രിട്ടിക്കൽ ഫാക്ടർ തന്നെയാണ്. അനുവദനീയമായതിലും കൂടിയ വേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നത് അപകടങ്ങൾക്കുള്ള ഒരു പ്രധാന കാരണമാണ്. എൻഎച്ച് 66 ഡിസൈൻ ചെയ്തിരിക്കുന്നത് പരമാവധി 100 കി.മീ. വേഗത്തിൽ ഓടിക്കാവുന്ന രീതിയിലാണെങ്കിലും പലയിടത്തും 60, 80 കി.മീ. വേഗമേ അനുവദിക്കാനാവൂ. എൻട്രി, എക്സിറ്റ് പോയിന്റുകളിൽ അതിലും കുറയും. ആളുകൾ പലപ്പോഴും ഇതൊന്നും പാലിക്കുന്നില്ല.അമിതവേഗം ഒഴിവാക്കാൻ നിയമ നടപടികളുടെയും ആളുകളുടെ അവബോധത്തിന്റെയും പ്രാധാന്യം ? ∙ ആറുവരി പാതകളിൽ‍ പൊലീസ് സംഘം നിന്ന് പരിശോധന നടത്തുന്ന രീതി പ്രായോഗികമല്ല. നിർമാണം പൂർത്തിയായ പാതകളിൽ ക്യാമറകൾ വച്ച് വാഹനങ്ങളുടെ വേഗം നിരീക്ഷിക്കുന്ന സംവിധാനങ്ങളാണ് നടപ്പാക്കുന്നത്. ഓട്ടമേറ്റഡ് ക്യാമറകളും ഇന്റർനെറ്റ് ഓഫ് തിങ്സ് പോലുള്ള സംവിധാനങ്ങളും (IoT) വരേണ്ടതുണ്ട്. ആളുകളിൽ അവബോധം വളരണം. കൃത്യമായ വേഗനിയന്ത്രണമാണ് (സ്പീഡ് മാനേജ്മെന്റ്) നമുക്ക് വേണ്ടത്. സർക്കാർ ഇറക്കിയ സർക്കുലറിൽ പറഞ്ഞിരിക്കുന്ന പരമാവധി വേഗത്തിൽ വാഹനം ഓടിക്കാം എന്ന ചിന്ത മാറണം. പാതകളിൽ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ വച്ചിട്ടുണ്ടെങ്കിലും ആരും അത് ശ്രദ്ധിക്കുന്നില്ല എന്ന പ്രശ്നവുമുണ്ട്. ആളുകളുടെ ശീലങ്ങളിലും മാറ്റമുണ്ടാകണം.


Fashion ⏭️

Back to top button