ഷൈനിംഗ് സ്റ്റാർ

ചിരിച്ചു ചതിക്കുന്ന വില്ലൻ വേഷങ്ങളിൽനിന്ന് ചിരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന നടനായി മാറി സുരേഷ് കൃഷ്ണ. ഇൻഡസ്ട്രി ഹിറ്റ് ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ബൈജു ചേട്ടൻ എന്ന കഥാപാത്രത്തിലൂടെ അഭിനയത്തിന്റെ മറ്റൊരു മുഖം പ്രേക്ഷകർ കണ്ടു. അനായാസമായ കോമഡി കൗണ്ടറുകളിലൂടെ ചിരിപ്പിച്ച താരം ഇന്ന് പ്രേക്ഷകർക്കിടയിൽ ശരിക്കും ‘കൺവിൻസിങ് സ്റ്റാർ’ ആയി മാറി . വിശേഷങ്ങളുമായി സുരേഷ് കൃഷ്ണ സംസാരിക്കുന്നു.
ജസ്റ്റിൻ ചേട്ടന്റെ ബൈജു ഭായി എന്ന കഥാപാത്രം തുടർ യാത്രയ്ക്കും പുതിയ അവസരങ്ങൾക്കും വഴി തുറന്നു തന്നോ ?
തീർച്ചയായും. നൂറ്റമ്പത് ശതമാനവും ബൈജു ഭായി ഒരു വഴിത്തിരിവായിരുന്നു. നമ്മൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളോട് പ്രേക്ഷകരുടെ സ്വീകാര്യത ഒരു കലാകാരനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ് . ഏത് തരം കഥാപാത്രങ്ങൾ അവതരിപ്പിച്ചാലും പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്നത് വലിയ കാര്യം തന്നെയാണ്. ഒരു കാലത്ത് സിനിമകളിൽ ബലാത്സംഗവും അടിയും പിടിയുംനിറഞ്ഞ വില്ലൻ വേഷങ്ങൾ ഉൾപ്പെടുന്ന കഥാപാത്രങ്ങൾ ആണ് അവതരിപ്പിച്ചത്. അത്തരം കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചു. എന്നാൽ അതെല്ലാം ഒരുതരം വെറുപ്പോടെയായിരുന്നു.
പിന്നീട് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മാറ്റം വരുത്തുകയും സപ്പോർട്ടിങ് വേഷങ്ങളും ഹാസ്യകഥാപാത്രങ്ങളും ചെയ്തു തുടങ്ങുകയും ചെയ്തു. അത്തരം കഥാപാത്രങ്ങളുടെ എക്സ്ട്രീം ഉദാഹരണമായിരുന്നു ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ബൈജു ഭായി. അതേസമയം, സംതൃപ്തി നൽകുന്ന ഇത്തരം കഥാപാത്രങ്ങൾ മുമ്പും ചെയ്തിട്ടുണ്ട്. പക്ഷേ, ആ സിനിമകളൊന്നും വിജയിക്കാത്തതിനാൽ വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. ഒരു സിനിമ വിജയിക്കുമ്പോഴാണ് അതിലെ കഥാപാത്രങ്ങളുടെ പ്രകടനങ്ങളും ചെറിയ തമാശകൾപോലും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഭാവന സ്റ്റുഡിയോസ് പോലെ വലിയൊരു പ്രൊഡക്ഷൻ ഹൗസ് , ഗിരീഷ് എ.ഡിയെ പോലെ പ്രതിഭാധനനായ സംവിധായകൻ, നിവിൻ പോളി ഉൾപ്പെടുന്ന താരങ്ങളും ഉള്ള കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചതും പ്രേക്ഷകർ ഏറ്റെടുത്തതുമെല്ലാം മുന്നോട്ടു പോകുന്നതിന് ഗുണം ചെയ്യുമെന്നാണ് വിശ്വാസം.
മുമ്പ് ചിരിച്ച് ചതിക്കുന്ന കഥാപാത്രങ്ങളും ഇപ്പോൾ ഹ്യൂമറിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുകയും ചെയ്യുമ്പോൾ ഈ മാറ്റം എങ്ങനെ വിലയിരുത്തുന്നു ?
മനഃപൂർവം കൊണ്ടുവന്നതല്ല ഈ മാറ്റം . മറിച്ച്, കാലത്തിനനുസരിച്ച് സിനിമ മാറുന്നു. അപ്പോൾ അതിനനുസരിച്ച് പുതിയ അഭിനേതാക്കൾ കടന്നുവരുകയും കഥാപാത്രങ്ങളെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഞാൻ സിനിമയിലെത്തിയ കാലത്ത് വില്ലന് ചുവന്ന കണ്ണുകളും മുഖത്ത് ഉണ്ണിയും പ്രത്യേകതരം മീശയും ക്യതാവും തുടങ്ങി വ്യത്യസ്തമായ രൂപഭാവങ്ങൾ വേണമായിരുന്നു.
എന്നാൽ ഇന്ന് നമുക്കിടയിൽ കാണുന്ന സാധാരണക്കാരനെത്തന്നെയാണ് വില്ലനായി അവതരിപ്പിക്കുന്നത്. സിനിമയിൽ സംഭവിച്ച ഇത്തരം മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ എനിക്കും കഴിഞ്ഞു എന്നതാണ് വാസ്തവം. ഇന്നത്തെ പ്രേക്ഷകരുടെ അഭിരുചികളും മാറി . ഒരു അഭിനേതാവെന്ന നിലയിൽ മാറ്റങ്ങൾ അനിവാര്യമാണ്. മുൻപ് ചില കഥാപാത്രങ്ങളിൽ അതിഭാവുകത്വത്തോടെ അഭിനയിച്ചിട്ടുമുണ്ട്. അന്ന് സംവിധായകർ അത്തരത്തിൽ അഭിനയിപ്പിക്കുന്നതും പ്രേക്ഷകർ അത് അംഗീകരിക്കുന്നതുമായിരുന്നു പതിവ്. എന്നാൽ ഇന്ന് സ്വാഭാവികമായ അഭിനയം മതി എന്നതാണ് പൊതുവെ നിലനിൽക്കുന്ന അഭിനയരീതി.
ധൂമകേതു’വിൽ ശബ്ദസാന്നിധ്യമായി മാത്രം സ്ക്രീനിൽ എത്തിയപ്പോൾ ഇത്ര സ്വീകാര്യത പ്രതീക്ഷിച്ചോ ?
സ്ക്രീനിൽ പ്രത്യക്ഷപ്പെടാതെത്തന്നെ പ്രേക്ഷകർ നമ്മുടെ ശബ്ദം തിരിച്ചറിയുന്നതും ഏറ്റെടുക്കുന്നതും ഒരു കലാകാരനെ സംബന്ധിച്ച് വലിയ കാര്യമാണ്. ‘ധൂമകേതു’വിന്റെ ചിത്രീകരണം നടക്കുമ്പോൾ അതിന്റെ ഭാഗമായിരുന്നില്ല. ഡബ്ബിംഗ് സമയത്താണ് സംവിധായകൻ സുഡി മാഡിസൺ വിളിക്കുന്നത്. അങ്ങനെയാണ് ഭാഗമാകുന്നത്. ഇതിനുമുമ്പ് ഞാൻ ഒരു സിനിമയ്ക്കുവേണ്ടി ഇത്തരത്തിൽ ശബ്ദം നൽകിയതായി ഓർമയില്ല. അതിന് ഞാൻ പ്രതിഫലമൊന്നും വാങ്ങിയില്ല. ഒരു നല്ല സിനിമയുടെ ഭാഗമാകാനും അവർക്കുവേണ്ടി എനിക്ക് കഴിയുന്ന ഒരു സഹായം ചെയ്യാനും സാധിക്കുന്നത് നല്ല കാര്യമാണല്ലോ എന്നാണ് ചിന്തിച്ചത്.
സിനിമ കണ്ട ഒരുപാട് പേർ മെസേജുകൾ അയച്ചു. എന്നാൽ ആ സിനിമയിൽ എനിക്ക് ചെയ്യാൻ ഒരുപാട് പരിമിതികളുണ്ടായിരുന്നു. മറ്റ് കഥാപാത്രങ്ങളുടെ ഭാഗങ്ങളെല്ലാം നേരത്തേ ചിത്രീകരിച്ചുകഴിഞ്ഞതാണ്. അതുകൊണ്ട് സംഭാഷണങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവസരം ഉണ്ടായിരുന്നില്ല. നേരത്തേ തന്നെ എന്നെക്കൊണ്ട് ഈ കഥാപാത്രം ചെയ്യിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കിൽ സംഭാഷണങ്ങളിൽ എന്റേതായ ചില കാര്യങ്ങൾ കൂടി ഉൾപ്പെടുത്താൻ കഴിയുമായിരുന്നു. കാരണം, ഇത്തരം കൗണ്ടറുകൾ രണ്ട് കഥാപാത്രങ്ങൾക്കിടയിൽ കൃത്യമായ കൊടുക്കൽ വാങ്ങലിലൂടെ അവതരിപ്പിക്കുമ്പോൾ മാത്രമേ ഫലപ്രദമാകൂ.
ചെന്നൈയിൽ ജനിച്ച് വളർന്നിട്ടും തമിഴിൽ ശ്രദ്ധേയ താരമാകാൻ കഴിയാതെപോയത് എന്തുകൊണ്ടായിരിക്കും?
ആർ. കെ. ശെൽവമണി സംവിധാനം ചെയ്ത ‘പൊട്ടു അമ്മൻ’ സിനിമയിൽ അഭിനയിച്ചിരുന്നു. ആ സിനിമ പുറത്തിറങ്ങിയിട്ട് ഏകദേശം ഇരുപത്തിയെട്ട് വർഷമായിട്ടുണ്ടാകും. അതിനുമുമ്പ് തമിഴിൽ ഒന്നുരണ്ട് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് ശരത്കുമാർ, മൻസൂർ അലി ഖാൻ, നെപ്പോളിയൻ, വിജയകാന്ത് തുടങ്ങിയവർക്ക് വലിയ ബ്രേക്ക് നൽകിയ സംവിധായകനായിരുന്നു ആർ.കെ. സെൽവമണി. സിനിമ പുറത്തിറങ്ങിയാൽ ആളുകൾ ഞെട്ടുമെന്നും മികച്ച പ്രകടനമാണ് ഞാൻ കാഴ്ചവെച്ചിരിക്കുന്നതെന്നുമൊക്കെയായിരുന്നു അന്ന് പലരും പറഞ്ഞത്. എന്നാൽ ആർ.കെ. സെൽവമണിയുടെ ചിത്രത്തിൽ അഭിനയിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും സിനിമ പുറത്തിറങ്ങിയാലേ അതിന്റെ ഗുണം ലഭിക്കൂവെന്നും എനിക്ക് അറിയാമായിരുന്നു.
ആ സമയത്താണ് ശ്യാം സുന്ദറിന്റെ ‘സ്ത്രീ’ സീരിയലിലേക്ക് വിളിവരുന്നത്. ഒരു വശത്ത്, തമിഴ് സിനിമ പുറത്തിറങ്ങിയാൽ വലിയ തിരക്കിലാകുമെന്ന് പലരും പറയുന്നു. മറുവശത്ത്, വീണ്ടും പട്ടിണിയിലേക്കും കഷ്ടപ്പാടുകളിലേക്കും മടങ്ങിപ്പോകാൻ ആഗ്രഹമില്ലതാനും. അന്ന് വീട്ടിൽ വിളിച്ച് അമ്മയോട് കാര്യം പറഞ്ഞു. സ്ത്രീ’ ജനപ്രീയ സീരിയലാണെന്നും ആ അവസരം ഒഴിവാക്കേണ്ടെന്നും അമ്മ പറഞ്ഞു. അങ്ങനെയാണ് സീരിയലിൽ അഭിനയിക്കാൻ തീരുമാനിച്ചത്.
എന്റെ അഭിനയത്തിന് പ്രശംസ ലഭിച്ചെങ്കിലും ‘പൊട്ടു അമ്മൻ’ വൻപരാജയമായി. പിന്നീട് ‘സ്ത്രീ’ മുന്നോട്ടുപോകുന്നതിനിടെയാണ് വിനയൻ ‘കരുമാടിക്കുട്ടനി’ലേക്ക് വിളിക്കുന്നത്. ആ സിനിമ സൂപ്പർഹിറ്റായി. തുടർന്ന് മലയാളത്തിൽ സ്ഥിരമായി സിനിമകൾ ലഭിച്ചുതുടങ്ങി. മലയാളത്തിൽ തിരക്കേറിയതോടെ തമിഴ് സിനിമാ ബന്ധം കുറഞ്ഞുപോയി. ഷാജി എൻ. കരുണിന്റെ ‘കുട്ടിസ്രാങ്ക്’ കണ്ട് ‘കടൽ’ സിനിമയിലേക്ക് മണിരത്നം വലിയൊരു വേഷത്തിലേക്ക് തീരുമാനിച്ചിരുന്നതാണ്. എന്നാൽ പിന്നീട് തിരക്കഥയിലും കാസ്റ്റിംഗിലും മാറ്റങ്ങൾ വന്നതോടെ പുറത്തായി. പിന്നീട് ‘വിഡിയൽ’ എന്നൊരു ചിത്രത്തിൽ ഞാനും ശരത്കുമാറും അഭിനയിക്കാനിരുന്നതാണ്. ആ സിനിമയും നടന്നില്ല. തമിഴ് സിനിമയിൽ സജീവമാകണമെന്ന ആഗ്രഹം ഇപ്പോഴും മനസിലുണ്ട്.
സോഷ്യൽ മീഡിയയിൽനിന്ന് അകലം പാലിക്കുന്നുണ്ടോ ?
സോഷ്യൽ മീഡിയയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് കൃത്യമായ ധാരണ കുറവാണ്. അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ പഠിക്കുന്നത്. അബദ്ധത്തിൽ എന്തെങ്കിലും തെറ്റായി പോസ്റ്റ് ചെയ്തുപോയാൽ അത് എങ്ങനെ ഡിലീറ്റ് ചെയ്യണമെന്നുപോലും അറിയാത്ത പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. പൊതുവെ സോഷ്യൽ മീഡിയയെക്കുറിച്ച് എനിക്ക് ഒരു ഭയമുണ്ട്. പിന്നെ, ഷൂട്ടിംഗില്ലെങ്കിൽ വീട്ടിലിരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്.
മൂന്ന് നേരത്തെ ഭക്ഷണവും പാചകം ചെയ്ത് കഴിക്കുന്നതാണ് രീതി. ജിമ്മിൽ പോകുന്നതും മറ്റ് കാര്യങ്ങളും എല്ലാം കഴിഞ്ഞാൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെങ്കിൽ പുറത്തുപോകാറില്ല. ചെറുപ്പകാലത്ത് ഒരുപാട് സങ്കീർണമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. ജീവിതാനുഭവങ്ങളെല്ലാം ചേർത്ത് ഒരു പുസ്തകം എഴുതണമെന്ന് പറഞ്ഞ് സുഹൃത്തുക്കൾ സമീപിക്കാറുണ്ട്. അതിന്റെ ഭാഗമായി പലപ്പോഴും എഴുത്ത് തുടങ്ങിയെങ്കിലും പിന്നീട് മടുപ്പ് തോന്നി നിറുത്തും. ഭാഗ്യമുണ്ടെങ്കിൽഎന്നെങ്കിലും എന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം പുറത്തിറങ്ങണമെന്ന ആഗ്രഹമുണ്ട്.
Business ⏭️




