NEWS

ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു; വെടിയുതിർത്തത് 18 റൗണ്ടിലധികം, ആക്രമണം ജിമ്മിനു മുന്നിൽ


ലക്നൗ ∙ പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കൊട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ജിമ്മിനു പുറത്തുവച്ചാണ് അങ്കിത് ബല്യാന് നേരെ ആക്രമണമുണ്ടായത്. ജിമ്മിൽ നിന്നും വ്യായാമം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുകയായിരുന്ന അങ്കിതിനു നേരെ മോട്ടോർ സൈക്കിളുകളിലായെത്തിയ അക്രമിസംഘം ഒന്നിനുപുറകെ ഒന്നായി വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരണപ്പെട്ടു. അങ്കിത് ബല്യാനു നേരെ അക്രമികൾ 18 റൗണ്ടിലധികം വെടിയുതിർത്തതായും കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതയാും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എക്സിൽ കുറിച്ചു. കൊല്ലപ്പെട്ട മകന്റെ മൃതദേഹവും മടിയിൽവച്ച് അമ്മ റോഡിലിരുന്ന് വിലപിക്കുന്ന ദൃശ്യങ്ങൾ അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഉത്തർപ്രദേശിലെ മുഴുവൻ ജാട്ട് സമുദായവും ഇതിൽ കടുത്ത അമർഷത്തിലാണെന്നും ഇത് തങ്ങൾക്ക് നേരെയുള്ള ആക്രമണമായാണ് അവർ കാണുന്നതെന്നും കൂട്ടിച്ചേർത്തു.


Fashion ⏭️

Back to top button