NEWS

ഇന്തൊനീഷ്യയിൽ 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ചു; 5 മരണം, 41 പേരെ കാണാതായി


ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ച് നിരവധിപേർ മരിച്ചു. ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിലെ മകാസറിലേക്ക് പോവുകയായിരുന്ന ഫെറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 5 പേർ മരിക്കുകയും 41 പേരെ കാണാതാവുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം. യാത്ര ആരംഭിച്ച മണിക്കൂറുകൾ കഴിയുമ്പോഴാണ് ഫെറിയിൽ പുക ഉയർന്നത്. തുടർന്ന് ഫെറിക്ക് തീപിടിച്ചതായി ക്യാപ്റ്റൻ സന്ദേശം നൽകി. ഇതിനു പിന്നാലെ ഫെറിയുമായുള്ള ആശയവിനിമയവും നഷ്ടമായി.ഇന്തൊനീഷ്യയിലെ ജാവയിലെ സപുഡി ദ്വീപിന് ഏകദേശം 19 നോട്ടിക്കൽ മൈൽ വടക്ക് മാറിയാണ് ഫെറി നിലവിലുള്ളത്. അപകടത്തിൽ ഫെറി ഏകദേശം പൂർണമായും മുങ്ങി. ഈ സമയം അപകടസ്ഥലത്തിനു സമീപത്തുണ്ടായിരുന്ന കപ്പലുകളും ചെറുയാനങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. നാല് കപ്പലുകൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്. ഫെറിയിൽ തീ പടരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ സമയം ലൈഫ് ജാക്കറ്റുകൾ ധരിച്ച യാത്രക്കാർ ഫെറിയുടെ മറുവശത്തായി തിങ്ങിനിൽക്കുന്നതും വിഡിയോയിൽ കാണാം. ഇതിനൊപ്പം ചില യാത്രക്കാർ പ്രാണരക്ഷാർഥം വെള്ളത്തിലേക്ക് ചാടുന്നുമുണ്ട്. അതേസമയം തീപിടിത്തം എങ്ങനെ ഉണ്ടായെന്ന് ഇനിയും വ്യക്തമല്ല. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.


Fashion ⏭️

Back to top button