NEWS
വ്യോമയാന മേഖലയിൽ പുതിയ ചരിത്രം: പൈലറ്റുമാരുടെ ‘ഗുരു’ ഇനി ഹുദ; യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റൻ

അബുദാബി∙ യുഎഇ വ്യോമയാന മേഖലയിൽ പുതിയ ചരിത്രമെഴുതി ഇത്തിഹാദ് എയർവേയ്സിന്റെ കാപ്റ്റൻ ഹുദ അൽ മുസല്ലമി. രാജ്യത്തെ ആദ്യത്തെ എമിറാത്തി വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി യോഗ്യത നേടി. യുഎഇ വനിതാ ദിനത്തോടനുബന്ധിച്ചാണ് ഇത്തിഹാദ് എയർവേയ്സ് ഈ അഭിമാന നേട്ടം പ്രഖ്യാപിച്ചത്. പൈലറ്റുമാർക്ക് അത്യാധുനിക രീതിയിലുള്ള പരിശീലനം നൽകുന്നതിനും അവരെ ഉയർന്ന സുരക്ഷാ നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ചുമതല ലഭിക്കുന്ന ആദ്യ എമിറാത്തി വനിതയാണ് ഇവർ.2003ൽ വ്യോമയാന രംഗത്തേക്ക് കടന്നുവന്ന ഹുദ, 2014ലാണ് ഇത്തിഹാദ് എയർവേയ്സിന്റെ ഭാഗമാകുന്നത്. ഫസ്റ്റ് ഓഫിസറായി കരിയർ ആരംഭിച്ച അവർ 2023ൽ ക്യാപ്റ്റനായും 2026ൽ ടൈപ്പ് റേറ്റിങ് ഇൻസ്ട്രക്ടറായും ഉയർന്നു. ബോയിങ് 787 വിമാനങ്ങളിൽ നിലവിൽ ടൈപ്പ് റേറ്റിങ് ഉള്ള ഹുദയ്ക്ക് 10,000 മണിക്കൂറിലേറെ വിമാനം പറത്തിയുള്ള പ്രവൃത്തിപരിചയമുണ്ട്. എയർബസ് എ330, എ340, ബോയിങ് 777 എന്നീ കൂറ്റൻ വിമാനങ്ങളും ഇവർ മുൻപ് പറത്തിയിട്ടുണ്ട്. ഏവിയേഷൻ മാനേജ്‌മെന്റിൽ ബിരുദവും ബിസിനസ് മാനേജ്‌മെന്റ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദവും ഇവർക്കുണ്ട്.(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Etihad എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന്)
Fashion ⏭️


