NEWS
‘കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ ഒരു കൂട്ടർ നീക്കം നടത്തി; അതീവദുഃഖം’: ആഞ്ഞടിച്ച് കെ.സുധാകരൻ

കണ്ണൂർ ∙ പരസ്യപ്രസ്താവന വിലക്കിയിട്ടും കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സുധാകരൻ. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ നീക്കാൻ ഒരുകൂട്ടം ആളുകൾ നടത്തിയ നീക്കത്തിൽ ദുഃഖമുണ്ടെന്നു പറഞ്ഞ സുധാകരൻ, കണ്ണൂരിൽ കോൺഗ്രസ് പാർട്ടി കെട്ടിപ്പടുക്കാൻ നടത്തിയ ത്യാഗങ്ങൾ അനുസ്മരിച്ചു. സമൂഹമാധ്യമങ്ങളിലാണു സുധാകരന്റെ വിഡിയോ സന്ദേശം പ്രചരിക്കുന്നത്. അതേസമയം, ഇത് കെ.സുധാകരന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ കാണാനുമില്ല.സുധാകരന്റേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ സന്ദേശത്തിൽനിന്ന്: ‘‘ഒരു കാരണവും ന്യായവുമില്ലാതെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു തന്നെ മാറ്റാൻ ഒരുകൂട്ടർ നടത്തിയ നീക്കത്തിൽ അതീവദുഃഖമുണ്ട്. പാർട്ടിക്കുവേണ്ടി പ്രതിസന്ധിയിൽ കൂടെനിന്നവരുടെ വിയർപ്പിനെ വിലകുറച്ചു കാണുന്ന ഇത്തരം പ്രവൃത്തികൾ കോൺഗ്രസിന് ഗുണംചെയ്യില്ല. സർക്കാരിന് ഏറ്റവും ആവശ്യമുള്ളത് സ്തുതിപാഠകരെയല്ല, തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ധൈര്യമുള്ള യഥാർഥ പോരാളികളെയാണ്. കണ്ണൂരിൽ കോൺഗ്രസ് പതാക ഉയർത്തിപ്പിടിക്കാൻ ഞാനും എന്റെ പ്രവർത്തകരും അനുഭവിച്ച യാതനകൾ ചില്ലറയല്ല. അടിപതറി തരിപ്പണമായിരുന്ന കോൺഗ്രസ് പ്രസ്ഥാനത്തെ, കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് കരകയറ്റാൻ ശ്രമിച്ചപ്പോൾ എനിക്ക് ലഭിച്ചതെന്താണ്? കോൺഗ്രസിനെ വിജയത്തിന്റെ പാതയിലേക്കു നയിച്ചുവെന്നതു ചരിത്രമാണ്. എന്നിട്ടും ഒരു കാരണവുമില്ലാതെ എന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റാൻ ഒരുകൂട്ടം ആളുകൾ നീക്കം നടത്തി.
Fashion ⏭️




