NEWS

എൻഎസ്എസിന് എതിരെ തെറ്റായ പ്രചാരണങ്ങൾ; പിന്നിൽ മാഫിയയുണ്ടെന്ന് സംശയം: ജി.സുകുമാരൻ നായർ


ചങ്ങനാശേരി∙ സാമൂഹികനീതിക്കു വേണ്ടി എൻഎസ്എസ് എന്നും നിലകൊള്ളുമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. 113–ാമത് വിജയദശമി നായർ മഹാസമ്മേളനവും ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുന്നാക്ക സമുദായംഗങ്ങൾക്കു ഒന്നും കൊടുക്കേണ്ട എന്ന നിലപാടാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ചിരിക്കുന്ന നയം. അവരില്ലെങ്കിലും ഭരണം ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന ചിന്തയാണ്. മറ്റുള്ളവർക്കു വാരിക്കോരി കൊടുത്താൽ മതി. ഈ അനീതി രാജ്യത്ത് നടക്കുന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ നമ്മളെ ശ്രദ്ധിക്കാറുണ്ടോ? രാഷ്ട്രീയത്തിലുള്ള നമ്മുടെ സമുദായംഗങ്ങൾ ഇക്കാര്യം പ്രത്യേകം മനസ്സിലാക്കണമെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.എൻഎസ്എസിന്റെ പ്രവർത്തനങ്ങളെ വിലകുറച്ചു കാട്ടാൻ ചിലർ നിയമയുദ്ധങ്ങൾ നടത്തുന്നു. എത്രയെത്ര കേസുകൾ നടത്തി. ഫലം ഇതുവരെ അവർക്ക് അനുകൂലമായില്ല. അവർ പറയുന്നത് കോടതിയെ നമ്മൾ സ്വാധീനിച്ചെന്നാണ്. ഇതിലൂടെ അവർ എൻഎസ്എസിനെയല്ല ബഹുമാനപ്പെട്ട കോടതിയെയാണ് ആക്ഷേപിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നു. സംഘടനയെ താഴ്ത്തി കെട്ടാൻ വയ്യാതായപ്പോൾ മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നഷ്ടപ്പെടുത്തിയെന്ന ആരോപണവുമായിട്ടാണ് വന്നത്. ഇത്രയും സംഘടിതമായ ആക്രമണം നടത്താനുള്ള സാമ്പത്തിക സ്ഥിതി അവർക്ക് എവിടെ നിന്നുണ്ടായി. ഇതിനു പിന്നിൽ ഏതെങ്കിലും മാഫിയയുണ്ടെന്ന് പോലും സംശയിക്കുന്നു. അത് വൈകാതെ പുറത്ത് വരുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.


Fashion ⏭️

Back to top button