NEWS

‘ഇ.ഡിക്കെതിരെ ദേശീയതലത്തിൽ വിപുലമായ പ്രസ്ഥാനം; വർഗീയതയ്ക്കെതിരെ പൊരുതാൻ വിശ്വാസികളും വേണം’


കോഴിക്കോട് ∙ കേന്ദ്ര എജൻസികൾ നടത്തുന്ന ഇടപെടലുകൾക്കെതിരെ ദേശീയ തലത്തിൽ സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തി വിപുലമായ പ്രസ്ഥാനം രൂപപ്പെടുത്തണമെന്ന് വിപുല സംസ്ഥാന സമിതി യോഗത്തിൽ അഭിപ്രായം ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാ ജനവിഭാഗങ്ങളുടേതുമായി മാറ്റാൻ ബോധപൂർവമുള്ള ഇടപെടൽ വേണം. പാർട്ടി പ്രവർത്തകർക്ക് ആശയപരമായും രാഷ്ട്രീയവുമായ സംശയനിവാരണത്തിന് പ്രത്യേക മൊബൈൽ ആപ് സംവിധാനം വേണം. കേരളത്തിന്റെ പുതിയ സാഹചര്യങ്ങൾ മനസ്സിലാക്കി ഇടപെടണം. വലതുപക്ഷ കക്ഷികളും വർഗീയ കക്ഷികളും നടത്തുന്ന പ്രചാരണങ്ങൾ മറികടന്ന് മതനിരപേക്ഷ ഉള്ളടക്കത്തോടെ ജനാധിപത്യ കേരളത്തെ രൂപപ്പെടുത്തുക എന്ന ആശയമാണ് ചർച്ചകളിൽ പൊതുവായി ഉയർന്നത്. കോഴിക്കോട്ട് സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ രണ്ടാം ദിനത്തിലെ ചർച്ചാ വിവരങ്ങൾ പങ്കുവച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതത്തെയും കാഴ്ചപ്പാടുകളെയും വർഗീയവൽക്കരിക്കുന്നതിനുള്ള ഇടപെടലുകളാണ് വിവിധ കോണുകളിൽ നടന്നുവരുന്നത്. വലതുപക്ഷവൽക്കരണവും അതിന്റെ ലളിതവൽക്കരണവും ഫലപ്രദമായി പ്രതിരോധിക്കണം. അത് സാധിക്കണമെങ്കിൽ സൂക്ഷ്മതലത്തിലുള്ള ചെറുത്തുനിൽപ്പ് ഉയർത്തിക്കൊണ്ടുവരണം. അന്ധവിശ്വാസജടിലമായ തെറ്റായ നിലപാടുകളെ അത് ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയായാലും സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉൾപ്പെടെ ഉയർന്നു വരുമ്പോൾ അതിനെയെല്ലാം ശരിയായ ദിശാബോധത്തിൽ നേരിടാൻ ആവണം എന്ന കാര്യവും ചർച്ചയിൽ ഉയർന്നു. എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാ ജനവിഭാഗങ്ങളുടെയും ആക്കി മാറ്റാനുള്ള ബോധപൂർവമായ ഇടപെടൽ ഉണ്ടാവണം എന്നാണ് പ്രതിനിധികൾ ചൂണ്ടിക്കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകളെ കൂടി ഉൾപ്പെടുത്തികൊണ്ട് പാർട്ടി വിദ്യാഭ്യാസം കൂടുതൽ ശക്തിപ്പെടുത്തണമെന്ന നിർദേശവും ചർച്ചകളിൽ ഉയർന്നു. ഏതു പാർട്ടി പ്രവർത്തകനും അപ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ ഇടപെട്ട് അവർക്ക് കാര്യങ്ങൾ നൽകാനാകുന്ന പ്രത്യേക ആപ്പ് സംവിധാനം വേണമെന്നാണ് അഭിപ്രായം ഉയർന്നത്. വലതുപക്ഷ ആശയങ്ങളുടെതായ ഇന്നത്തെ വർത്തമാനകാലത്തിന്റെ ചിത്രം സംബന്ധിച്ച് ആഴത്തിലുള്ള പഠനം വേണം. ഇഎംഎസ് അക്കാദമി, എകെജി പഠന ഗവേഷണ കേന്ദ്രം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളെ അത്തരത്തിലുള്ള കേന്ദ്രങ്ങളാക്കി പരിവർത്തനം ചെയ്തു വിപുലപ്പെടുത്തണം. മാധ്യമ രംഗത്ത് പ്രത്യേകിച്ച് നവമാധ്യമ രംഗത്ത് താഴെത്തലം വരെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഇടപെടണം. സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ഇതിൽ ഉൾപ്പെടുത്തി ശക്തിപ്പെടുത്താൻ ആവണം. ശാസ്ത്രബോധം വളർത്തിയെടുക്കുക എന്നുള്ളത് സാമൂഹിക ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു അജൻഡയായി ഉൾപ്പെടുത്തപ്പെടണം.


Fashion ⏭️

Back to top button