കേരളത്തിലെത്തിയ അമിത് ഷായ്ക്ക് കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
കൊല്ലം: കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ഉച്ചയ്ക്ക് 2:35-ഓടെ കൊല്ലം ആശ്രാമം മൈതാനത്തെത്തിയ അമിത് ഷായ്ക്ക് നേരെയാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ഹെലികോപ്റ്ററിൽ ഇറങ്ങി സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തേക്ക് വരുമ്പോഴായിരുന്നു കരിങ്കൊടി കാണിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. വാഹന വ്യൂഹത്തിന് പിന്നാലെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടനെ ഇടപെട്ട് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. എട്ടോളം കോൺഗ്രസ് പ്രവർത്തകരാണ് ഉണ്ടായിരുന്നത്. ആശ്രാമം മൈതാനത്ത് തടിച്ചുകൂടിയിരുന്ന നൂറുകണക്കിന് ബിജെപി പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
രാജ്യതലസ്ഥാനത്ത് ഇന്നലെ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാണിച്ചത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കളും അമിത് ഷായോടൊപ്പം ഉണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാറ്റിയ ശേഷം അമിത് ഷാ റോഡ് മാർഗം കുണ്ടറയിലേക്ക് പോയി.
കുണ്ടറയിലെ സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടനവും തുടർന്ന് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങും പൂർത്തിയാക്കി അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
English Summary
Union Home Minister Amit Shah faced black flag protests from Youth Congress activists upon his arrival in Kollam, Kerala. The protest, led by Binu Chulliyil, was against the recent arrest of Youth Congress leaders in Delhi. Police arrested eight activists. BJP supporters attempted to confront the protestors, leading to a tense situation before Shah continued his schedule.
RELATED TOPICS: AMIT SHAH KERALA, AMIT SHAH BLACK FLAG PROTEST, YOUTH CONGRESS PROTEST, KERALA POLITICAL PROTEST, AMIT SHAH VISIT KERALA
Read News ⏭️




