വാടിപ്പോകുകയോ ചീഞ്ഞുപോകുകയോ ചെയ്യില്ല; ചെറുനാരങ്ങ ഇനി മാസങ്ങളോളം സൂക്ഷിക്കാം

പ്രതീകാത്മകചിത്രം
മിക്ക വീടുകളിലെയും അടുക്കളയിൽ സ്ഥിരസാന്നിദ്ധ്യമാണ് ചെറുനാരങ്ങ. അച്ചാറിടാനും നാരങ്ങാവെള്ളം തയ്യാറാക്കാനുമെല്ലാം ധാരാളമായി വാങ്ങിവയ്ക്കുന്ന ഇവ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഉണങ്ങിപ്പോകുകയോ വാടിപ്പോകുകയോ ചെയ്യുന്നു. ഇത് നാം എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഇനി അതോർത്ത് വിഷമിക്കേണ്ട, ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ചെറുനാരങ്ങ മാസങ്ങളോളം ഫ്രഷായി വയ്ക്കാം. അത് എങ്ങനെയാണെന്ന് നോക്കാം.
ഒരാഴ്ചക്കുള്ളിൽ ചെറുനാരങ്ങകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. മുറിയിൽ തന്നെ സൂക്ഷിച്ചാൽ മതി. എന്നാൽ ഇത്തരത്തിൽ സൂക്ഷിക്കുമ്പോൾ നേരിട്ട് വെയിൽ അടിക്കാത്തതും അടുപ്പ് പോലുള്ള ചൂടുള്ള സാധനങ്ങളിൽ നിന്ന് മാറ്റിയും വേണം വയ്ക്കാൻ. കഴിവതും തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുക. നാരങ്ങ ഒരിക്കലും കവറുകളിൽ ഇടരുത്. കവറിനുള്ളിലെ ചൂടും ഈർപ്പവും കാരണം നാരങ്ങ പെട്ടെന്ന് പൂപ്പൽ പിടിക്കാനും വാടിപ്പോകാനും സാദ്ധ്യതയുണ്ട്. ഇതിന് പകരം വായുസഞ്ചാരമുള്ള ബാസ്ക്കറ്റിലോ തുറന്ന പാത്രത്തിലോ സൂക്ഷിക്കുക.
ആഴ്ചകളോളം കേടുകൂടാതെയിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. കഴുകാത്ത മുഴുവൻ നാരങ്ങകളും ഫ്രിഡ്ജിലെ വെജിറ്റബിൾ ഡ്രോയറിൽ സൂക്ഷിച്ചാൽ സാധാരണയായി മൂന്ന് മുതൽ നാല് ആഴ്ച വരെ കേടാകാതിരിക്കും. മാസങ്ങളോളം കേടാകാതെ നാരങ്ങ സൂക്ഷിക്കാൻ ഫ്രീസ് ചെയ്യുന്നതാണ് നല്ല മാർഗം. മുഴുവൻ നാരങ്ങകൾ നേരിട്ട് ഫ്രീസറിൽ വയ്ക്കാവുന്നതാണ്. അല്ലെങ്കിൽ നാരങ്ങാനീര് പിഴിഞ്ഞ് ഐസ് ക്യൂബ് ട്രേകളിൽ ഒഴിച്ച് ഫ്രീസ് ചെയ്യാം. ഈ ക്യൂബുകൾ പിന്നീട് ആവശ്യാനുസരണം കറികളിലോ പാനീയങ്ങളിലോ ചേർക്കാം.
English Summary
Learn simple ways to keep lemons fresh for weeks or even months. Proper room-temperature storage, refrigeration, and freezing lemon juice can help prevent lemons from drying out, wilting, or spoiling.
RELATED TOPICS: LEMON STORAGE TIPS, FRESH LEMON STORAGE, LEMON, PRESERVATION METHODS, HOW TO STORE LEMONS
News ⏭️




